ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി

പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി.ട്വിറ്ററിന് ആകെ മൂന്ന് ഓഫീസുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്.

author-image
Priya
New Update
ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി

ഡല്‍ഹി: പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി.ട്വിറ്ററിന് ആകെ മൂന്ന് ഓഫീസുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്.

ഇതില്‍ ഡല്‍ഹിയിലേയും മുംബൈയിലെയും ഓഫീസുകളാണ് പൂട്ടിയത്. ബെംഗളൂരുവിലെ ഓഫീസ് പ്രവര്‍ത്തനം തുടരും. നേരത്തെ ട്വിറ്ററിന്റെ ഇന്ത്യയിലെ 200ല്‍ കൂടുതല്‍ ജീവനക്കാരില്‍ 90 ശതമാനം പേരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു.

ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തതിന് ശേഷമുള്ള പരിഷ്‌കാര നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ബെംഗളൂരുവിലെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നത് അധികവും എഞ്ചിനീയര്‍മാരാണ്.

ഇവര്‍ അമേരിക്കയിലുള്ള ട്വിറ്ററിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്.ഇന്ത്യയിലെ ട്വിറ്ററിന്റെ സംഘത്തില്‍ മൊത്തം മൂന്ന് ജീവനക്കാര്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നതാണ് ലഭിക്കുന്ന വിവരം.

ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ മൂന്ന് പേരോടും ഇനി വര്‍ക് ഫ്രം ഹോമിലേക്ക് മാറാനും വീട്ടിലിരുന്ന് തുടര്‍ന്ന് ജോലി ചെയ്യാനും ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി.

ട്വിറ്ററിനെ സാമ്പത്തിക സ്ഥിരതയില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 2023 അവസാനത്തോടെ കമ്പനിയെ സാമ്പത്തികമായി സ്ഥിരതയുള്ള കമ്പനിയാക്കുകയെന്ന ലക്ഷ്യത്തിലാണ് മസ്‌ക് മുന്നോട്ട് പോകുന്നത്.

ട്വിറ്ററിനെ സംബന്ധിച്ച് ഇന്ത്യ പ്രധാനപ്പെട്ട മാര്‍ക്കറ്റാണ്. ലോകത്തെ അതിവേഗം വളരുന്ന ഇ-വിപണിയാണ് ഇന്ത്യ. മസ്‌കിന്റെ ഇപ്പോഴത്തെ നീക്കം ഇന്ത്യന്‍ വിപണിക്ക് അദ്ദേഹം കാര്യമായ പരിഗണന നല്‍കുന്നില്ലെന്നതിന്റെ തെളിവായി കൂടി വിലയിരുത്തുന്നുണ്ട്.

ട്വിറ്ററിന്റെ പുതിയ പെയ്ഡ് വെരിഫിക്കേഷന്‍ ഫീച്ചറായ ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഓഫീസുകള്‍ അടച്ചു പൂട്ടുന്നത്. മാസം 900 രൂപയാണ് ട്വിറ്റര്‍ ബ്ലൂ വരിസംഖ്യ.

പണം നല്‍കുന്നവര്‍ക്ക് നീല വെരിഫൈഡ് മാര്‍ക്ക് ഉള്‍പ്പടെയുള്ള അധിക സൗകര്യങ്ങള്‍ ലഭ്യമാകും. ഒരു ട്വീറ്റില്‍ എഴുതാവുന്ന പരമാവധി അക്ഷരങ്ങളുടെ പരിധി 280ല്‍ നിന്ന് 4000മായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ നീണ്ട പോസ്റ്റിടാന്‍ ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് സൗകര്യം.

twitter elone musk