വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഫെബ്രുവരി 21 തിങ്കളാഴ്ച ഇന്ത്യന്‍വിപണിയിലെത്തും. പുതിയ സ്മാർട്ട്ഫോണിന്റെ ഡിസൈൻ വിശദാംശങ്ങൾ വിവോ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ സ്മാർട്ട്ഫോണിന്റെ ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 25,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ലഭ്യമാവുക. സൺഷൈൻ ഗോൾഡ്, മിഡ്നൈറ്റ് ബ്ലൂ എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. സൺഷൈൻ ഗോൾഡ് കളർ വേരിയന്റിൽ ഒന്നിൽ കൂടുതൽ നിറങ്ങളുടെ ഷേഡ് ഉണ്ടായിരിക്കും. സൂര്യപ്രകാശം പതിക്കുമ്പോൾ ഡിവൈസിന്റെ ബാക്ക് പാനൽ റിഫ്ലക്റ്റ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അൾട്രാ സ്ലിം ഗ്ലാസ് ഡിസൈനിലായിരിക്കും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഇത് സംബന്ധിച്ച് വിവോയുടെ ഔദ്യോഗിക വെബ്സൈറ്റും സ്ഥിരീകരണം നൽകിയിട്ടുണ്ട്. സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കാൻ വാട്ടർ ഡ്രോപ്പ് നോച്ചും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യും. ബാക്ക് പാനലിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും കൊണ്ടുവരും. ചതുരാകൃതിയിലാണ് ക്യാമറ മൊഡ്യൂൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു പ്രൈമറി സെൻസർ, ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഒരു മാക്രോ ക്യാമറ എന്നിവ ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.
വിവോ വി23 ഇ അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ തന്നെ ലഭ്യമാണ്. ഗ്ലോബൽ വേരിയന്റിന് സമാനമായ ഫീച്ചറുകളുമായിട്ടാകും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിെത്തുകയെന്നാണ് കരുതുന്നത്. വിവോ വി23, വി23 പ്രോ എന്നീ മോഡലുകൾ ഈ വർഷം ആദ്യം രാജ്യത്ത് ലോഞ്ച് ചെയ്തിരുന്നു.