പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നതില്‍ വാട്‌സാപ്പ് എപ്പോഴും മുന്നിലാണ്. ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്ന നിരവധി സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തുന്നത്.
ഇപ്പോഴിതാ വാട്‌സാപ്പില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെന്തു പേരിടണം എന്നാലോചിച്ചിട്ട് ഉത്തരം കിട്ടാത്തവര്‍ക്ക് ആശ്വാസമായി മെറ്റയുടെ പുതിയ പരിഷ്‌കാരം എത്തി. ഇനി മുതല്‍ പേരില്ലാത്ത ഗ്രൂപ്പുകളുണ്ടാക്കാന്‍ സാധിക്കുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
പെട്ടെന്നൊരു ഗ്രൂപ്പ് ഉണ്ടാക്കേണ്ടി വരുമ്പോഴോ ഗ്രൂപ്പിന്റെ വിഷയം എന്താണെന്ന് തീരുമാനിക്കാത്തപ്പോഴോ ഒരു പേരും നല്‍കാതെ ഗ്രൂപ്പ് സൃഷ്ടിക്കാനാകും.അതെസമയം സാധാരണ വാട്‌സാപ് ഗ്രൂപ്പില്‍ നിന്ന് വ്യത്യസ്തമായി പേരില്ലാ ഗ്രൂപ്പില്‍ 6 പേരെ മാത്രമേ ചേര്‍ക്കാന്‍ സാധിക്കൂ.
ഈ 6 പേരുടെ പേരുകളുമായി ബന്ധപ്പെടുത്തി വാട്‌സാപ് തന്നെ ഗ്രൂപ്പിന് ഒരു പേര് നല്‍കും. ആറു പേര്‍ക്കും പേര് വ്യക്തിഗതമായിരിക്കുകയും ചെയ്യും. ഓരോരുത്തരും ഗ്രൂപ്പിലെ അംഗങ്ങളുടെ പേര് സേവ് ചെയ്തിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും പേരിടല്‍. പേരില്ലാത്ത കോണ്‍ടാക്ടുകളാണെങ്കില്‍ നമ്പര്‍ കാണിക്കും.
അതെസമയം കഴിഞ്ഞ ദിവസം എച്ച്ഡി ഫോട്ടോകളും പങ്കിടാനുള്ള സൗകര്യവും അവതരിപ്പിച്ചതിനു പിന്നാലെ വാട്‌സാപ് എച്ച്ഡി വിഡിയോ ഷെയറിങ്ങും അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി വിഡിയോകള്‍ പരമാവധി നിലവാരത്തില്‍ ഷെയര്‍ ചെയ്യാം.
എച്ച്ഡി (2000x3000 പിക്‌സല്‍) അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് (1365x2048 പിക്‌സല്‍) നിലവാരത്തിലുള്ള ചിത്രങ്ങള്‍ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവുമെന്നതിനാല്‍ കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് നിലനിര്‍ത്തണോ അതോ എച്ച്ഡിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്ന് ഫോട്ടോ-ബൈ-ഫോട്ടോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാം.വാട്‌സ് ആപിലെ ചാറ്റുകളെല്ലാം പുതിയ ഫോണിലേക്കു മാറ്റേണ്ടി വരുമ്പോള്‍ ക്ലൗഡ് അല്ലെങ്കില്‍ ബാക്അപ് സംവിധാനമില്ലെങ്കില്‍ ആകെ ബുദ്ധിമുട്ടാകുമായിരുന്നു.
അടുത്തിടെ ക്യുആര്‍ കോഡ് അധിഷ്ഠിത രീതിയിലൂടെ നിങ്ങളുടെ പഴയ ഫോണില്‍ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനുള്ള സുരക്ഷിതവും വേഗത്തിലുള്ളതുമായ മാര്‍ഗം വാട്‌സ്ആപ് പ്രഖ്യാപിച്ചു.
മാത്രമല്ല മള്‍ട്ടി ഡിവൈസ് സേവനം, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി നിരവധി അപ്‌ഡേറ്റുകളാണ് അടുത്തിടെ വാട്‌സ് ആപ് പ്രഖ്യാപിച്ചത്.ഉടന്‍തന്നെ പുതിയ അപ്‌ഡേറ്റായി ഗ്രൂപ്പില്‍ ചേരുന്നവര്‍ക്കു പഴയ ചാറ്റുകളുടെ ഹിസ്റ്ററിയും ലഭ്യമായിത്തുടങ്ങുന്ന സംവിധാനം വാട്‌സ്ആപ്പ് അവതരിപ്പിച്ചു.