/kalakaumudi/media/post_banners/5a3127b6e79e5ccacf6da9b9abacae27e5ac7f790dc5eb6aebb9bb5a0d5f9f01.jpg)
200 കോടിയിലധികം ഉപഭോക്താക്കളുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സപ്പ് അന്നും ഇന്നും പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നതില്‍ മുന്നിലാണ്. ഉപയോക്താക്കളുടെ ആവശ്യാനുസരണം പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിന് വാട്‌സപ്പ് എപ്പോഴും പ്രാധാന്യം നല്‍കാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ വാട്സാപ്പ് പുതിയൊരു ഫീച്ചര്‍ പരീക്ഷിക്കുകയാണെന്നാണ് 'വാബീറ്റാ ഇന്‍ഫോ' വെബ്സൈറ്റ് നല്‍കുന്ന പുതിയ വിവരം. ആപ്പിള്‍ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ലഭ്യമാണ്.
എന്നാല്‍ നിലവില്‍ വാട്‌സപ്പില്‍ ഇത്തരത്തിലുള്ള സൗകര്യം ലഭ്യമല്ല.ഒരു സന്ദേശം അയച്ചതിന് ശേഷം 15 മിനിറ്റിനുള്ളില്‍ ആ സന്ദേശം എഡിറ്റ് ചെയ്യാനാവും. അയച്ച സന്ദേശങ്ങളില്‍ തെറ്റുകളോ വ്യാകരണ പിശകോ വന്നാല്‍ ഇനി അത് എഡിറ്റ് ചെയ്യാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും.
മാത്രമല്ല മറ്റ് എന്തെങ്കിലും വിവരങ്ങള്‍ അതില്‍ ചേര്‍ക്കുന്നതിനോ അല്ലെങ്കില്‍ നീക്കം ചെയ്യുന്നതിനോ എഡിറ്റ് ഫീച്ചര്‍ പ്രയോജനപ്പെടുത്താനാവും.
നിലവില്‍ ഇത് നിര്‍മ്മാണഘട്ടത്തിലാണ്.വാട്സാപ്പിന്റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചര്‍ വാബീറ്റ ഇന്‍ഫോ കണ്ടെത്തിയത്.