/kalakaumudi/media/post_banners/9dddcfbd0dcbb52f12d2b4b5fd6c8288839235674e4094659483cd40bb19139a.png)
മൈക്രോസോഫ്റ്റ് വികസിപ്പിച്ച വിൻഡോസ് എൻടി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ വിന്‍ഡോസ് 11 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കള്‍. അതേസമയം വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് കാര്യമായ അറിവില്ലാത്തവരെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടിറങ്ങിയിരിക്കുകയാണ് ചില ഹാക്കർമാർ.
വിന്‍ഡോസ് 11 ഉമായി ബന്ധപ്പെട്ട് ഒരു മാല്‍വെയര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ അനോമലിയിലെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ കുറ്റവാളി സംഘമായ ഫിന്‍7 ആണ് ഇതിന് പിന്നിലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ ഏത് രീതിയിലാണ് ഇത് പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല.
ഇമെയില്‍ വഴിയാണ് അപകടകരമായ വേർഡ് ഫയലുകള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് അനോമലിയുടെ അനുമാനം. ഒരു മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റിലൂടെയാണ് മാല്‍വെയര്‍ പ്രചരിപ്പിക്കുന്നത്. ഉപകരണങ്ങളില്‍ അപകടകരമായ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന ജാവാ സ്‌ക്രിപ്റ്റ് കൂടി ചേര്‍ത്തതാണ് ഈ ഫയല്‍.
ഹാക്കർമാർ അവകാശപ്പെടുന്നത് ഫയല്‍ കാണാന്‍ Enable Editing ക്ലിക്ക് ചെയ്യാനും ശേഷം Enable Content ക്ലിക്ക് ചെയ്യാനുമാണ്. ഇത്തരം നിർദേശങ്ങൾ നിങ്ങൾ അനുസരിച്ചാൽ വേഡ് ഡോക്യുമെന്റില്‍ ഹാക്കര്‍മാര്‍ ഒളിച്ചുവെച്ച ജാവാ സ്‌ക്രിപ്റ്റ് ബാക്ക്‌ഡോര്‍ ആക്റ്റിവേറ്റ് ആവും. ഇതോടെ ഹാക്കര്‍മാര്‍ക്ക് കംപ്യൂട്ടറില്‍ നുഴഞ്ഞുകയറാനും സാധിക്കും. ഒക്ടോബര്‍ അഞ്ചിനാണ് വിന്‍ഡോസ് 11 പുറത്തിറക്കുന്നത്. ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തുക.