തെലുങ്ക്- കന്നഡ സീരിയൽ താരം ചന്ദ്രകാന്തിൻ്റെ (ചന്ദു) ആത്മഹത്യയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരത്തിൻ്റെ അമ്മയും ഭാര്യയും.
താരത്തിന്റെ വസതിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ വാഹനാപകടത്തിൽ മരിച്ച സീരിയൽ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. പവിത്രയുടെ വാഹനാപകടം സമയത്ത് ചന്ദുവും കൂടെയുണ്ടായിരുന്നു.
പവിത്രക്കൊപ്പം ഇനി ജീവിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചന്ദു സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. പവിത്ര മരിച്ച് ആറ് ദിവസത്തിന് ശേഷമാണ് ചന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പവിത്രയുടെ മരണത്തിന് പിന്നാലെ ചന്ദു വിഷാദത്തിലായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. തെലുങ്കിലും കന്നഡയിലും ഹിറ്റായ ത്രിനയനി എന്ന സീരിയലിൽ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള ചന്ദു കുടുംബത്തിൽ നിന്നും അകന്ന് പവിത്രയ്ക്കൊപ്പമായിരുന്നു അഞ്ച് വർഷമായി താമസം.
ചന്ദുവിന്റെ ഭാര്യ ശിൽപയുടെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. 11 വർഷത്തെ പ്രണയ ബന്ധത്തിന് ശേഷം 2015ലായിരുന്നു ചന്ദുവും ആദ്യ ഭാര്യ ശിൽപയും വിവാഹിതരായത്. പവിത്രയുമായുളള ബന്ധം കാരണം തന്നെ ശാരീരികമായി ചന്ദു ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ശിൽപ പറഞ്ഞു. ‘ലോക്ഡൗൺ കാലത്ത് ഞാൻ നേരിട്ട ഗാർഹിക പീഡനത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.
11 വർഷം നീണ്ട ബന്ധമാണ് വിവാഹത്തിലേക്ക് വഴിമാറിയത്. ആദ്യകാലത്ത്, അദ്ദേഹം നല്ലവനും കരുതലുള്ളവനായിരുന്നു. എന്നാൽ പവിത്ര ജയറാമിനെ കണ്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അവരുടെ ബന്ധം ഞാൻ അറിഞ്ഞപ്പോൾ മുതൽ അയാൾ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. പവിത്ര ജയറാമിനൊടൊപ്പം ഷൂട്ടിങ്ങിനായി ബെംഗളൂരുവിലേക്ക് പോകുകയാണെന്ന് കള്ളം പറഞ്ഞ് ഊട്ടിയിലേക്ക് പോയിരുന്നു. അതെല്ലാം എനിക്ക് ഒരു മാനസിക പീഡനമായിരുന്നു.
എന്നെക്കാൾ പ്രായമുള്ള സ്ത്രീയാണ് പവിത്ര. ‘‘അവൻ എന്റെ ഭർത്താവാണ്, നിനക്ക് എന്ത് വേണമെങ്കിലും ചെയ്യൂ’’ എന്നായിരുന്നു ഈ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ പവിത്രയുടെ മറുപടി. ഞാൻ പവിത്രയുടെ കുട്ടികളോടും ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. അമ്മയും ചന്തുവും അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യും, ഞങ്ങൾ എതിർക്കില്ല എന്നാണ് മക്കൾ എന്നോടു പറഞ്ഞത് . പക്ഷേ ചന്ദുവിൻ്റെ അമ്മ എനിക്കൊപ്പം നിന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുന്നതും കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാം. എന്നാൽ ഇന്ന് അദ്ദേഹം ജീവനോടെ ഇല്ല.’’ എന്നായിരുന്നു ശിൽപയുടെ വാക്കുകൾ.
ചന്ദുവിനെ ഞങ്ങളുടെ വീട്ടിലേക്കു വരുന്നതിനു പോലും പവിത്ര തടഞ്ഞിരുന്നുവെന്ന് ചന്ദുവിൻ്റെ അമ്മ പറഞ്ഞു. പവിത്ര അവനെ വിവാഹം കഴിച്ചു, ഇപ്പോൾ അവൾ അവനെ കൊന്നു. ആദ്യം ഞങ്ങളിൽ നിന്നും അവനെ അകറ്റി, ഇപ്പോൾ അവൾ കാരണം അവൻ ആത്മഹത്യയും ചെയ്തു. പവിത്രയുടെ മക്കൾക്ക് 20 വയസ്സും ഞങ്ങളുടെ മക്കൾക്ക് അഞ്ചും എട്ടും വയസ്സുമാണുള്ളത്. അവർക്ക് എല്ലാം ഉണ്ടായിരുന്നു, പക്ഷേ ഇന്ന് എന്റെ മരുമകളും രണ്ട് പേരക്കുട്ടികളും അനാഥരായി ചന്ദുവിന്റെ അമ്മ പറഞ്ഞു.
നടി പവിത്ര സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തു നിന്നു തന്നെ മരിച്ചിരുന്നു. കാറിൽ പവിത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് (ചന്ദു) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടനില തരണം ചെയ്ത ചന്ദു, പവിത്ര ജയറാമിനെ കുറിച്ച് മോശമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു