തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ നടന്മാർക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ കൊല്ലം തുളസി. സ്ത്രീ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കരുതെന്നാണ് കൊല്ലം തുളസിയുടെ പ്രതികരണം.
പുരുഷന്മാർ ഈ രാജ്യത്തെ പൗരന്മാർ അല്ലേ, അവർ പറയുന്നത് കേൾക്കാൻ എന്തുകൊണ്ടാണ് ആളുകൾ ഇല്ലാത്തത്.സിനിമാക്കാരെ ആക്ഷേപിക്കാൻ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണെന്നും അമ്മ എന്ന സംഘടന രണ്ടായി പിളർത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും കൊല്ലം തുളസി പറഞ്ഞു.ഒരു ഓൺലൈൻ മാധ്യമത്തിനോടാണ് താരത്തിന്റെ പ്രതികരണം.
“യാഥാർത്ഥ്യം എപ്പോഴും മറുവശത്താണ്, പലപ്പോഴും അത് അറിയാറില്ല. തെറ്റ് മാത്രമുള്ള ഈ നാട്ടിൽ തെറ്റാതിരിക്കുകയാണ് ഏറ്റവും വലിയ തെറ്റെന്ന് വിചാരിക്കുന്നവരാണ് എല്ലാവരും. സിനിമ എന്ന് പറയുന്നത് തെറ്റാണെന്ന് പറയുന്ന ഒരു കാലമാണിത്. എന്റെ പേര് തുളസി എന്നായതുകൊണ്ട് എന്നെയും കൂട്ടി ഊട്ടിയിൽ പോയെന്ന് വരെ കഥ വരുന്നു. എന്നോട് ഒരു തമിഴൻ പറഞ്ഞിട്ടുണ്ട്. ഞാൻ അയാൾക്കിട്ട് അടി കൊടുക്കേണ്ടതായിരുന്നു. ഞാൻ എപ്പോഴാണ് തന്റെ കൂടെ വന്നതെന്ന് ചോദിച്ചു. സിനിമാക്കാരെ ആക്ഷേപിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുകയാണ്. ചുമ്മാതെ അനാവശ്യം പറയുന്നത് ശരിയായ പ്രവണതയല്ല. സിനിമയിൽ മാത്രമല്ല, ഏതു മേഖലയിലാണ് തെറ്റില്ലാത്തത്”.
“ഞാൻ അമ്മയിൽ അംഗമാണ്, മുന്നൂറോളം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മലയാള സിനിമയ്‌ക്ക് ഒരു അനിവാര്യമായ ഘടകമല്ല, ഒരു മുഖ്യധാര നടനുമല്ല. ഒരു റേപ്പ് സീനിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. അത് എന്റെ കാഴ്ചപ്പാടാണ്. ഞാൻ പുസ്തകം എഴുതുന്ന ആളു കൂടിയാണ്. അങ്ങനെയൊരു ഹാസ്യകഥയിലെ സംഭവമാണ് ഒരു പ്രൊഡ്യൂസർ പെണ്ണാണെന്ന് കരുതി എന്റെ റൂമിൽ വന്ന സംഭവം. യഥാർത്ഥത്തിൽ എല്ലാം സംഭവിച്ചതല്ല, പകുതി സംഭവിച്ചു. അതുകൊണ്ട് പീഡനം ആകുമോ! സ്ത്രീയൊരുമ്പിട്ടാൽ ഒരു രാജ്യം തന്നെ നശിക്കും എന്നതിന്റെ ഉദാഹരണം അല്ലേ ഇത്. ഒരു പുരുഷനെ പറ്റി എന്ത് ആരോപണവും നടത്താം എന്നാണോ?, ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞാൽ കേസെടുക്കാം എന്നാണോ? പുരുഷന്മാർ ഈ രാജ്യത്തെ പൗരന്മാർ അല്ലേ?”.
“സ്ത്രീ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുന്നത് ഒരു ആധികാരികമായ റിപ്പോർട്ട് ഒന്നുമല്ല. അതിനൊരു ജുഡീഷ്യൽ അടിത്തറ ഒന്നുമില്ല. ഒരു കേസ് തെളിയിക്കണമെങ്കിൽ വാദിയുടെയും പ്രതിയുടെയും വാദങ്ങൾ കേൾക്കണം. ഇവിടെ വാദിയുടെ മാത്രമാണ് കേൾക്കുന്നത്. മരിച്ചുപോയ വരെ പറ്റി വരെ ആരോപണങ്ങൾ ഉയരുന്നു. എന്ത് സുഖമാണ് ഇതുകൊണ്ട് കിട്ടുന്നത്. പലർക്കും അമ്മ എന്ന സംഘടനയെ രണ്ടാക്കി മാറ്റണം. ഇതാണ് ആഗ്രഹം. 15 അംഗ പവർ ടീം, അതെല്ലാം ആദ്യമായാണ് ഞാൻ കേൾക്കുന്നത്. എന്താണ് ഇവരീ പറയുന്ന പവർ ടീം എന്ന് എനിക്ക് മനസ്സിലാകുന്നില്ല”-കൊല്ലം തുളസി പറഞ്ഞു.