നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിന്റെ അമ്മ വിജയലക്ഷ്മി. ചെന്നൈ ത്യാഗരാജ നഗറിലെ രാജമന്നാർ സ്ട്രീറ്റിലെ അപ്പാർട്ടുമെന്റിലാണ് ധനുഷിന്റെ അമ്മ വിജയലക്ഷ്മിയും അച്ഛൻ കസ്തൂരി രാജയും താമസിക്കുന്നത്.
ഈ അപ്പാർട്ട്‌മെന്റിലെ എല്ലാ താമസക്കാർക്കും പൊതുവായി ഉപയോഗിക്കാവുന്ന മുകളിലത്തെ നില ശരത്കുമാർ കൈവശപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുവെന്നാണ് പരാതി. മദ്രാസ് ഹൈക്കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്.
ജസ്റ്റിസുമാരായ എസ്.എസ്.സുന്ദർ, എൻ.സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താമസസ്ഥലത്തെ പൊതുസ്ഥലങ്ങൾ മറ്റുതാമസക്കാർ കയ്യേറി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല എന്നും ഹർജിയിൽ പറയുന്നുണ്ട്.
ചെന്നൈ കോർപ്പറേഷൻ അധികൃതരോടും നടൻ ശരത്കുമാറിനോടും അവരുടെ ഭാഗം വ്യക്തമാക്കാൻ ഉത്തരവിട്ട കോടതി, വാദം കേൾക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവച്ചു. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ ശരത്കുമാർ ഓൾ ഇന്ത്യ ഈക്വൽ പീപ്പിൾസ് പാർട്ടിയുടെ പ്രസിഡന്റാണ്.