'ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് ബാധിതയാണ്, അത്തരം കമന്റുകള്‍ വേദനിപ്പിക്കുന്നു': വെളിപ്പെടുത്തി അന്ന രാജന്‍

നിങ്ങള്‍ക്ക് എന്റെ വിഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക.

author-image
anumol ps
New Update
anna rajan

അന്ന രാജന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 കൊച്ചി: തന്റെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തി നടി അന്ന രാജന്‍. താന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് ബാധിതയാണെന്നും മോശം കമന്റുകളാല്‍ വേദനിപ്പിക്കരുതെന്നും നടി പറഞ്ഞു. കഴിഞ്ഞ ദിവസം നൃത്തം ചെയ്യുന്ന ഒരു വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്റ് ഇട്ടവരോട് വേദനിപ്പിക്കരുതെന്നും താരം അഭ്യര്‍ഥിച്ചു. 

അന്ന രാജന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്: 

'നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം. പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്. 

ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും. അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോള്‍ മുഖം വീര്‍ക്കുകയും എന്റെ സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവര്‍ഷമായി ഞാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഈ ലോകം എന്റേതു കൂടിയാണ്. നിങ്ങള്‍ക്ക് എന്റെ വിഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക.

എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവര്‍ക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എന്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ പരിമിതികള്‍ക്കിടയില്‍ നിന്നു ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികള്‍ കമന്റു ചെയ്യുന്ന ആരാധകര്‍ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ'. 

 

actress anna rajan autoimmune thyroiditis