ഒരു കാലത്ത് മലയാള സിനിമയിലെയും സീരിയലുകളിലെയും സ്ഥിര സാന്നിധ്യമായിരുന്നു ശാന്തി വില്യംസ്.പ്രമുഖ ഛായാഗ്രാഹകനായിരുന്ന വില്യംസായിരുന്നു ശാന്തിയുടെ ഭർത്താവ്.പളുങ്ക്, രാക്കിളിപ്പാട്ട്, യെസ് യുവർ ഹോണർ തുടങ്ങിയവയാണ് മലയാളത്തിൽലെ ശാന്തിയുടെ ശ്രദ്ധേയമായ സിനിമകൾ. നിലവിൽ തമിഴ് സീരിയലുകളിലാണ് ശാന്തി അഭിനയിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ശാന്തി തന്റെ ഭർത്താവ് മരിച്ചപ്പോൾ നടൻ മോഹൻലാൽ വന്നില്ലെന്നും അദ്ദേഹം നന്ദി ഇല്ലാത്തവനാണെന്നും പറഞ്ഞത് ഏറെ വൈറലായിരുന്നു.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളം സിനിമയിലെ താരങ്ങളുടെ പേരിൽ രൂപം കൊണ്ടിട്ടുള്ള വിവാദങ്ങളിലുള്ള ശാന്തിയുടെ പ്രതികരണമാണ് ചർച്ചയാകുന്നത്.മലയാള സിനിമാ ഇന്റസ്ട്രിയെ പറ്റി സംസാരിക്കാൻ പോലും താൻ താൽപര്യപ്പെടുന്നില്ലെന്നും സ്ത്രീകൾക്ക് സേഫായി പോകാൻ പറ്റിയ ഇന്റസ്ട്രിയല്ല മലയാളമെന്നുമാണ് ശാന്തി പറയുന്നത്.
ആഗായം തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. മലയാള സിനിമാ ഇന്റസ്ട്രിയെ പറ്റി സംസാരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. കാരണം... നിറയെ പൊളിറ്റിക്സ് അവിടെയുണ്ട്. നീയാണോ വലിയവൻ ഞാനാണോ വലിയവൻ എന്നതുമായി ബന്ധപ്പെട്ട് അടക്കം പൊളിറ്റിക്സുണ്ട്. അതുപോലെ സ്ത്രീകൾക്ക് സേഫായി പോകാൻ പറ്റിയ ഇന്റസ്ട്രിയല്ല.
66 വയസോ തൊണ്ണൂറ് വയസോ ഉള്ള കിളവിയാണെങ്കിലും രാത്രിയിൽ വന്ന് അവരുടെ കതക് തട്ടുന്ന സ്വഭാവമുള്ള ആളുകളാണ് അവിടെയുള്ളത്. അത് എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. ഞാൻ കുറേ നാളായി സിനിമ ചെയ്യുന്നു. പക്ഷെ നമ്മുടെ ആളുകൾ വന്ന് കതക് തട്ടുകയോ മോശമായി സംസാരിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ തമിഴ്, ആന്ധ്ര ഇന്റസ്ട്രിയെ ഇക്കാര്യത്തിൽ തൊഴുത് കുമ്പിടും ഞാൻ.
കാരണം ഇവിടെയുള്ളവർക്കെല്ലാം വയസ് എത്രയാണ്, മറ്റുള്ളവരുടെ വികാരങ്ങൾ എല്ലാം അറിയാവുന്നവരാണ്. അതുപോലെ പല സ്ത്രീകളും തങ്ങളെ ഇന്റസ്ട്രിയിലെ ആളുകൾ അഡ്ജസ്റ്റ്മെന്റിന് വിളിച്ചുവെന്നത് പരസ്യമായി പറയുന്നത് കേൾക്കാറുണ്ട്. അങ്ങനെ പറയേണ്ട ആവശ്യമെന്താണ്..? താൽപര്യമില്ലെങ്കിൽ അപ്പോൾ തന്നെ അത് പറഞ്ഞിട്ട് പോയാൽ പോരെ. ഇത്തരം കാര്യങ്ങൾക്ക് പബ്ലിസിറ്റി കൊടുത്താൻ പിന്നെയാരും അവസരം നൽകാൻ വിളിക്കില്ല.
ചില വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഒരുപാട് ആലോചിക്കണം. ഇന്റസ്ട്രിയിൽ വർക്ക് ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റ് സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവിടെ തന്നെ വെച്ച് അത് ക്ലിയർ ചെയ്യണം. അല്ലാതെ പബ്ലിസിറ്റി കൊടുക്കരുത്. അങ്ങനെ ചെയ്യുന്നത്... ഓടയിൽ കിടക്കുന്ന വസ്തുകൾ നമ്മുടെ ശരീരത്തിൽ നമ്മൾ തന്നെ ഇടുന്നതിന് തുല്യമാണെന്നുമാണ് ശാന്തി വില്യംസ് പറഞ്ഞത്.