അണ്ണൻ തമ്പി സിനിമയിൽ അഭിനയിക്കുമ്പോൾ രാത്രിയിൽ കതകിൽ വന്നു മുട്ടി, തിരുവനന്തപുരംകാരൻ?; വെളിപ്പെടുത്തലുമായി നടി ശിവാനി

നടൻ ആരാണെന്ന് കണ്ടെത്തിയെന്നും പിന്നീട് ചൈന ടൗൺ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്ക് ചാൻസ് തരാതിരിക്കാൻ അയാൾ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി.

author-image
Greeshma Rakesh
New Update
sivani

actress sivani

Listen to this article
0.75x 1x 1.5x
00:00 / 00:00

അണ്ണൻ തമ്പി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു നടൻ രാത്രിയിൽ വന്ന് തന്റെ കതകിൽ സ്ഥിരം മുട്ടുവായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ശിവാനി. ആ നടൻ ആരാണെന്ന് കണ്ടെത്തിയെന്നും പിന്നീട് ചൈന ടൗൺ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്ക് ചാൻസ് തരാതിരിക്കാൻ അയാൾ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി.തുടർന്ന് മോഹൻലാൽ ഇടപെട്ടാണ് തനിക്ക് ചൈന ടൗണിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും ശിവാനി തുറന്നു പറഞ്ഞു.

“ഇപ്പോൾ ലൈംഗിക പീഡനം ആരോപിക്കപ്പെട്ടവരാരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. എന്റെ ആദ്യ സിനിമ അണ്ണൻ തമ്പിയാണ്. പക്ഷേ എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. ഡോറിൽ തട്ടിയിട്ട് ഓടിപ്പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. രാത്രി 12 മണിക്കും ഒരു മണിക്കുമാണ് കതകിൽ വന്ന് മുട്ടുന്നത്, എന്നിട്ട് ഓടിപ്പോകും. റൂമിൽ എന്റെ അമ്മയും ഉണ്ട്. അവസാനം ആളെ കണ്ടുപിടിച്ചു. ഈ നടൻ പകൽ സമയത്തൊക്കെ നമ്മളോട് മാന്യമായാണ് പെരുമാറുന്നത്. രാത്രിയാകുമ്പോഴേക്കും ബാധകേറിയ പോലെയാണ്, റൂമിൽ വന്ന് തട്ടും ഓടും”.

“കതകിൽ രാത്രിയിൽ വന്നു മുട്ടുന്നത് ആരാണ് എന്ന് ഞങ്ങൾ കണ്ടുപിടിച്ചു. സംവിധായകനോട് കാര്യം പറഞ്ഞു. അന്ന് ഞങ്ങൾ പ്രതികരിച്ചു. പിന്നെ കുറേ കാലത്തേക്ക് സിനിമയൊന്നും ഇല്ല. ഒന്നര കൊല്ലത്തിനുശേഷം ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിക്കാൻ എനിക്ക് വിളി വരുന്നു. ഷൂട്ടിങ്ങിന് എത്തിയപ്പോൾ അവിടെയും ഈ നടനെ കണ്ടു. എന്നെ കണ്ടതിനുശേഷം പുള്ളി ഫോൺ വിളിച്ചു നടക്കുന്നതു കണ്ടു. ആദ്യത്തെ ദിവസം ഷൂട്ടിന് ചെന്നപ്പോൾ ഇന്നില്ല എന്ന് പറഞ്ഞു. രണ്ടാമത്തെ ദിവസവും മൂന്നാമത്തെ ദിവസവും വെറുതെ തന്നെ ഇരുന്നു. നാലാമത്തെ ദിവസം ഷൂട്ടിംഗ് ഉണ്ടെന്നു പറഞ്ഞു. ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം ആന്റണി പെരുമ്പാവൂർ അടുത്ത് വന്ന് ചോദിച്ചു, നിനക്കും ആ നടനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്”.

“മുൻപ് ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. നിന്നെ കണ്ടതിൽ പിന്നെ ആ സെറ്റിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. തിരുവനന്തപുരത്ത് തിയേറ്ററുകളിൽ ആളുകൾ കൂവുമെന്ന് ആ നടൻ പറഞ്ഞു. അയാളുടെ ഇടപെടലിലാണ് മൂന്ന് ദിവസം എനിക്ക് ഷൂട്ടിംഗ് ഇല്ലാതിരുന്നത്. ലാൽ സറാണ് എന്നെ അഭിനയിപ്പിക്കുമെന്ന് പറഞ്ഞത്. അതൊരു പെൺകുട്ടിയാണ്, നമ്മളാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ശാപം നമുക്ക് കിട്ടാൻ പാടില്ല എന്ന് ലാൽ പറഞ്ഞു. അതുകൊണ്ട് മാത്രമാണ് എനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്”-ശിവാനി പറഞ്ഞു.

 

 

Annan thambi movie actress sivani malayalam cinema