പ്രധാന നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകളിൽ ഞെട്ടിയില്ലെന്ന് അവാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പുറത്തുവന്നത് ഇൻഡസ്ട്രിയിൽ പാട്ടായ കാര്യങ്ങളാണെന്നും വമ്പൻ സ്രാവുകൾ രക്ഷപ്പെടുന്നുവെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുമാരല്ല, പറയേണ്ടത് ലൈംഗികചൂഷണത്തിനിരയായ പ്രമുഖ നടിമാരാണെന്നും അവർ വായതുറക്കാത്തത് കരിയർ നശിക്കുമെന്ന് പേടിച്ചിട്ടാണെന്നും രഞ്ജിനി തുറന്നടിച്ചു.
തനിക്ക് നഗ്നഫോട്ടോ അയച്ച പ്രമുഖ നടനുണ്ട്. ഷർട്ട് ഇടാത്ത ഒരു ചിത്രമാണ് അയച്ചു നൽകിയത്. ശേഷം അത്തരത്തിൽ ഒരു ഫോട്ടോ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. Wrong window എന്നാണ് അന്ന് താൻ അയാൾക്ക് മറുപടി അയച്ചത്. ആ ഫോട്ടോ ഇപ്പോൾ തൻറെ കയ്യിലില്ല, അതുകൊണ്ടാണ് പേര് പറയാത്തതെന്നും രഞ്ജിനി.
തുടക്കക്കാരായ ചെറിയ പെൺകുട്ടികൾ പോലും ലൈംഗികാതിക്രമങ്ങൾ നേരിടുന്നു. ചൂഷണത്തിനരയാകുന്നവരിൽ പുരുഷന്മാരും ഏറെയുണ്ട്. ഉദ്ഘാടനചടങ്ങുകളുടെ മറവിലും മോഡലിങ് രംഗത്തും ലൈംഗികചൂഷണങ്ങൾ വ്യാപകമായി നടക്കുന്നു. കണ്ണൂരിൽ വച്ച് നടന്ന പരസ്യ ഷൂട്ടിംഗിൽ അത്തരം അനുഭവമുണ്ടായെന്നും, ശക്തമായി പ്രതികരിക്കുകയാണ് ചെയ്തതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.