കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ആ പ്രചരണം വേദനിപ്പിച്ചു; വൈറൽ വീഡിയോയിൽ പ്രതികരിച്ച് ബീന ആന്റണി

വീഡിയോ വൈറലായതിന് പിന്നാലെ ബീന ആന്റണിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് വ്യക്തമാക്കുകയാണ് നടി.

author-image
Greeshma Rakesh
New Update
beena antony

beena antony

Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈം​ഗികാരോപണം നേരിടുന്ന നടൻ സിദ്ദിഖിനെ ആശ്വസിപ്പിക്കുകയാണെന്ന തരത്തിൽ പ്രചരിച്ച നടി ബീന ആന്റണിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ  വൈറലായിരുന്നു വിരമിക്കാൻ നിൽക്കുന്ന നടന്റെ വേദനയിൽ നടിമാർ പങ്കുചേരുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ നടി ആശ്വസിപ്പിക്കുന്നു എന്ന തരത്തിൽ മോശം ക്യാപ്ഷനുകളോടെയാണ് വീഡിയോ പുറത്തുവന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ ബീന ആന്റണിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് വ്യക്തമാക്കുകയാണ് നടി. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തന്നെ ഏറെ വിഷമപ്പെടുത്തിയെന്നും സോഷ്യൽമീഡിയ പറയുന്നതല്ല, വാസ്തവമെന്നും ബീന ആന്റണി പറഞ്ഞു.

വീ‍ഡിയോ വലിയ ട്രോളായാണ് പുറത്തുവന്നത്. ഇത് തന്റെ ഫാമിലി ​ഗ്രൂപ്പുകളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. തന്റെ കു‍ടുംബത്തിലുള്ളവരോട് പോലും പലരും ഇതേ കുറിച്ച് ചോദിച്ചു തുടങ്ങി. അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചതെന്ന് ബീന ആന്റണി പറഞ്ഞു.

“സിദ്ദിഖ് ഇക്കയുടെ മകന്റെ മരണത്തിന് എനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അമ്മ ജനറൽ ബോഡിയിൽ വച്ചാണ് അദ്ദേഹത്തെ കാണുന്നത്. മരണം എന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ വരുമ്പോൾ മാത്രമേ മനസിലാകുകയുള്ളൂ. മകന്റെ വേദനയിൽ നിൽക്കുന്ന അദ്ദേഹത്തെ സാന്ത്വനിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അതിനെ വളച്ചൊടിച്ച് വളരെ മോശം ക്യാപ്ഷനുകളോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്”.

സിദ്ദിഖ് തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരിക്കലും അതിനെയൊന്നും ന്യായീകരിക്കുന്നില്ല. കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്റെ മുന്നിൽ വരണം. സിനിമാ മേഖല ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലേക്കാണ് പോകുന്നത്. കറതീർത്ത സംഘടനയായി അമ്മ തിരിച്ചുവരട്ടെയെന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നതെന്നും ബീന ആന്റണി പറഞ്ഞു.

 

beena antony siddique viral video malayalam cinema