bollywood actor vikrant massey calls manjummel boys his favourite film of the year
ഈ വർഷം ഇതുവരെ കണ്ട ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രം മഞ്ഞുമ്മൽ ബോയ്സ് എന്ന് വെളിപ്പെടുത്തി ബോളിവുഡ് നടൻ വിക്രാന്ത് മാസി.ചിത്രത്തെ കുറിച്ച് ​ഗംഭാര അഭിപ്രായമാണ് താരം അറിയിച്ചിരിക്കുന്നത്. സൗഹൃദത്തിൻ്റെയും ഇച്ഛാശക്തിയുടെയും ഉദാഹരണമാണ് ഈ കഥയെന്നും ഒപ്പം അതിമനോഹരമായ ദൃശ്യങ്ങളും മനം കവരുന്ന പ്രകടനങ്ങളും ചിത്രത്തെ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റാക്കിയെന്നും താരം പറയുന്നു. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും വിക്രാന്ത് അഭിപ്രായപ്പെട്ടു.
'ഒരു സർവൈവൽ ത്രില്ലർ സിനിമയേക്കാൾ ത്രില്ലിംഗ് എന്താണെന്ന് നിങ്ങൾക്കറിയാമോ ? ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു അതിജീവന ത്രില്ലർ! എല്ലാവരെയും പോലെ ഞാനും മഞ്ഞുമ്മേൽ ബോയ്സ് കണ്ടു. ഈ സിനിമ എൻ്റെ ഉള്ളിൽ 'ഒരിക്കലും പിന്നോട്ട് പോകരുത്' എന്ന മനോഭാവത്തെ വീണ്ടും ജ്വലിപ്പിച്ചു,' നടൻ പറഞ്ഞു.
ആഗോളതലത്തിൽ 240.59 കോടി രൂപ നേടിയ മലയാളം ബ്ലോക്ക്ബസ്റ്റർ 'മഞ്ഞുമ്മൽ ബോയ്സ്' ഇന്ന് ഒടിടിയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിൻറെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.