biju vattappara
പെരുമ്പാവൂർ: സിനിമ-സീരിയൽ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു.54 വയസായിരുന്നു.ഒരു കേസിന്റെ ആവശ്യത്തിനായി മൂവാറ്റുപുഴയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.പിന്നാലെ ബിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സുരേഷ് ഗോപി നായകനായ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ബിജു.
കലാഭവൻ മണി നായകനായ 'ലോകനാഥൻ ഐ.എ.എസ്.', 'കളഭം' എന്നീ സിനിമകളുടെ തിരക്കഥയും ബിജുവിന്റേതാണ്. ചക്കരവാവ, വെളുത്ത കത്രീന, ശംഖുപുഷ്പം എന്നീ നോവലുകളും രചിച്ചിട്ടുണ്ട്. നോവലുകൾ പിന്നീട് സീരിയലുകളായി.
ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. ഒക്കൽ വട്ടപ്പാറ വീട്ടിൽ രവി(ദേവൻ)യുടെ മകനാണ്. മകൾ: ദേവനന്ദന. സംസ്‌കാരം പിന്നീട്.