പുഷ്പയിലെ കഥാപാത്രം കരിയറില്‍ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല, മലയാളമാണ് എല്ലാം: ഫഹദ് ഫാസില്‍

അല്ലു അര്‍ജുന്‍ നായകനായി 2021-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ എസ്.പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ വേഷത്തിലായിരുന്നു ഫഹദ് എത്തിയത്.

author-image
anumol ps
New Update
pushpa

ഫഹദ് ഫാസില്‍ ,ചിത്രത്തിന്റെ പോസ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 മലയാളത്തിന് പുറമെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും തന്റേതായ ഇടം നേടിയെടുത്ത താരമാണ് ഫഹദ് ഫാസില്‍. തെലുങ്കില്‍ ഫഹദിനെ പ്രശസ്തനാക്കിയതോ സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയും. അല്ലു അര്‍ജുന്‍ നായകനായി 2021-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ എസ്.പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ വേഷത്തിലായിരുന്നു ഫഹദ് എത്തിയത്. പുഷ്പയുടെ രണ്ടാംഭാഗത്തിലും ഫഹദ് ഇതേ കഥാപാത്രമായി എത്തുന്നുണ്ട്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പുഷ്പയിലെ കഥാപാത്രത്തേക്കുറിച്ച് ഫഹദ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ദേയമാകുന്നത്. ചിത്രത്തിലെ ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പോലീസ് കഥാപാത്രം തന്റെ കരിയറില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പുഷ്പ ചെയ്തതിനുശേഷം പാന്‍ ഇന്ത്യന്‍ നടനായോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. 

'പുഷ്പ കാരണം കരിയറില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇക്കാര്യം സംവിധായകന്‍ സുകുമാറിനോട് പറഞ്ഞിട്ടുണ്ട്. അത് മറച്ചുവെയ്‌ക്കേണ്ട കാര്യമൊന്നുമില്ല. എനിക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ഞാനിവിടെ ചെയ്യുന്നു. ഒന്നിനോടും ബഹുമാനക്കുറവില്ല. പുഷ്പ റിലീസായതിനുശേഷം എന്നില്‍നിന്നും ഒരു മാജിക്ക് ആണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ സുകുമാര്‍ സാറിനോടുള്ള ശുദ്ധമായ സഹകരണവും സ്‌നേഹവുമാണ്. എന്റെ ജീവിതം മലയാളസിനിമയാണ്.' എന്ന് ഫഹദ് വ്യക്തമാക്കി.

തന്റെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ പകര്‍ത്തുന്നത് തനിക്കിഷ്ടമല്ലെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു. 'എനിക്ക് സെല്‍ഫിയെടുക്കുന്നത് ഇഷ്ടമല്ല. അമ്മയ്‌ക്കോ ഭാര്യക്കോ ഒപ്പം പുറത്തുപോവുമ്പോള്‍ എന്റെ ചിത്രം മറ്റുള്ളവര്‍ പകര്‍ത്തുന്നത് ഇഷ്ടമല്ല. എന്നെ നോക്കി വെറുതേ പുഞ്ചിരിച്ചാല്‍ മതി. നിങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും. ഒരുപാടുപേര്‍ അങ്ങനെ ചെയ്യുന്നവരുണ്ട്. അവരൊക്കെ എത്ര മനോഹരമാണ്.' ഫഹദ് ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയേറ്ററുകളിലെത്തുക. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ചിത്രമാണ് പുഷ്പ 2. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

pushpa 2 fahad fazil