ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ദേവര: പാർട്ട് 1 ലെ ആദ്യ ഗാനം പുറത്തെത്തി. ഫിയർ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രാമജോഗയ്യ ശാസ്ത്രിയുടേതാണ് വരികൾ. ആലാപനവും അനിരുദ്ധ് ആണ്. നന്ദമുറി തരക റാമറാവു ആർട്സ്, യുവസുധ ആർട്സ് എന്നീ ബാനറുകളിൽ സുധാകർ മിക്കിലിനേനി, കോസരാജു ഹരികൃഷ്ണ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണം.
ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാത്ത മികച്ചൊരു ഗാനമാണ് ഫിയർ സോങ്ങ് എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വലിയ ബജറ്റിൽ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഒക്ടോബർ 10-ന് റിലീസാവും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആഗോള ശ്രദ്ധയും വൻ വിജയവും നേടിയ ആർ ആർ ആറിന് ശേഷം ജൂനിയർ എൻടിആർ അഭിനയിക്കുന്ന ചിത്രമാണിത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ തിരക്കഥയും സംവിധായകൻറേത് തന്നെയാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരെയ്ൻ, കലൈയരസൻ, മുരളി ശർമ്മ തുടങ്ങിയവർ അഭിനയിക്കും.
ജൂനിയർ എൻടിആറിൻറെ കരിയറിലെ 30-ാം ചിത്രമായ ദേവരയുടെ പ്രഖ്യാപനം 2021 ഏപ്രിലിൽ ആയിരുന്നു. അതേസമയം ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചത് 2023 മെയ് മാസത്തിലായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ഹൈദരാബാദിന് പുറമെ ഗോവയിലും ചിത്രത്തിന് ഷെഡ്യൂൾ ഉണ്ടായിരുന്നു. പാൻ ഇന്ത്യൻ അപ്പീൽ ഉള്ള ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തിൻറെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് ആണ്.