കാനിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ഗ്രാൻഡ് പ്രീ നേടിയ സംവിധായിക പായൽ കപാഡിയയ്ക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് റസൂൽ പൂക്കുട്ടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർഥി കൂടിയായ പായൽ കപാഡിയ നടൻ ​ഗജേന്ദ്ര ചൗഹാനെ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ചെയർമാൻ ആക്കിയതിൽ പ്രതിഷേധിച്ചുള്ള വിദ്യാർഥി സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. അന്നത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രശാന്ത് പാത്രബെ കൊടുത്ത പരാതിയിലാണ് പൊലീസ് പായൽ ഉൾപ്പെടെ 34 വിദ്യാർഥികൾക്കെതിരെ കേസ് എടുത്തത്. 2015 ൽ കൊടുത്ത കേസിൻറെ ഭാ​ഗമായുള്ള നിയമ നടപടികൾ ഇപ്പോഴും തുടരുന്നുണ്ട്.
RT if you agree… @FTIIOfficial#WithdrawTheCases#CelebrateCinema#LongLiveFTIIpic.twitter.com/fS8VLBbYIc
— resul pookutty (@resulp) May 27, 2024
"പായലിനും മറ്റ് വിദ്യാർഥികൾക്കുമെതിരായ കേസ് എഫ്ടിഐഐ ഇപ്പോൾ പിൻവലിക്കണം. ഇപ്പോൾ ലഭിക്കുന്ന കീർത്തിക്ക് സ്ഥാപനം അവരോട് കടപ്പെട്ടിരിക്കുന്നു". റസൂൽ പൂക്കുട്ടി തൻറെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ തൻറെ പോസ്റ്റ് പങ്കുവെക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. ഓസ്കർ അവാർഡ് നേടിയ സൗണ്ട് ഡിസൈനറായ റസൂൽ പൂക്കുട്ടിയും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർഥിയാണ്. തന്നെ ഖരോവോ ചെയ്തെന്നും ഓഫീസ് നശിപ്പിച്ചെന്നും ആ​രോപിച്ച് എഫ്ടിഐഐ മുൻ ഡയറക്ടർ പ്രശാന്ത് പാത്രബെയാണ് പായൽ കപാഡിയ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കെതിരെ 2015 ൽ പൊലീസിൽ പരാതി നൽകിയത്.
പുരസ്കാര നേട്ടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ പായൽ കപാഡിയയ്ക്കും സംഘത്തിനും ആശംസകളുമായി എത്തിയിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിനാണ് കാനിൽ പുരസ്കാരം ലഭിച്ചത്.