കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച കനിയുടെ സ്ഥിര ബുദ്ധി നഷ്ടപ്പെട്ടു: വിമർശിച്ച് ഹരീഷ് പേരടി

‘രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പണത്തിനു വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്തുവെന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നൂറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു.

author-image
Anagha Rajeev
New Update
fdh
Listen to this article
0.75x 1x 1.5x
00:00 / 00:00

‘ബിരിയാണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി കനി കുസൃതി നടത്തിയ പ്രസ്താവനയെ വിമർശിച്ച് രം​ഗത്തെതിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി പ്രസ്താവനെയെന്ന് നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പണത്തിനു വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്തുവെന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നൂറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു. പക്ഷേ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ‘ബിരിയാണി’ എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?

കടുത്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള സിനിമയുടെ അവാർഡ് വേണ്ടന്നു വയ്ക്കലായിരുന്നു യഥാർഥ രാഷ്ട്രീയം. അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു. ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ട് ‘ബിരിയാണി’ എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനെയും കുപ്പ തൊട്ടിയിൽ തള്ളിയതുപോലെയായി. നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയം, പണവും പ്രശ്സതിയും നിറയ്ക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല. ആശംസകൾ', എന്നാണ് ഹരീഷ് പേരടിയുടെ വാക്കുകൾ.

‘ബിരിയാണി’ സിനിമ ചെയ്തത് ഒട്ടും താൽപര്യത്തോടെയല്ലെന്നും പൈസയ്ക്ക് ആവശ്യമുള്ളത് കൊണ്ടാണെന്നും കനി വെളിപ്പെടുത്തിയിരുന്നു. എഴുപതിനായിരം രൂപയാണ് അന്ന് അതിൽ അഭിനയിച്ചതിന് തനിക്കു ലഭിച്ച പ്രതിഫലമെന്നും കനി തുറന്നു പറഞ്ഞിരുന്നു. കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രീ പുരസ്കാരമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയിലൂടെ നേടിയത്. ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപത്രങ്ങളിൽ എത്തിയിരുന്നു.

 

kani kusurthi harish peradi