/kalakaumudi/media/media_files/kYn4FRZiJIBsmwk4d6TC.jpeg)
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ മൂന്ന് ദിവസത്തെ യോഗംവിളിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അടുത്ത ശനിയാഴ്ച മുതൽ യോഗം ആരംഭിക്കും. വിവിധ യൂണിയനുകളുടെ സെക്രട്ടറിമാർക്ക് യോഗംസംബന്ധിച്ച കത്ത് കൈമാറി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഫെഫ്കയുടെ പ്രതികരണമൊന്നും പുറത്തുവരാത്തതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുയര്‍ന്നിയിരുന്നു. അതിനിടെയാണ്, ഫെഫ്ക യോഗം ചേരുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവരുന്നത്. യോഗത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ആയിരിക്കും പ്രധാന വിഷയം. തുടർന്ന്, റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും വിവരമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചശേഷം സെറ്റുകളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് ഉൾപ്പെടെ നടപടിയെടുത്തിട്ടുണ്ടെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചിരുന്നു.
ജൂനിയർ ആർട്ടിസ്റ്റുകളെയോ ജനക്കൂട്ടത്തെയോ ചിത്രീകരണത്തിനായി ഉപയോഗിക്കുമ്പോൾ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർമാതാക്കളോടും ഫെഫ്ക മുഖേന പ്രൊഡക്‌ഷൻ എക്സിക്യുട്ടീവുമാർക്ക് നിർദേശം നൽകിയതായും അസോസിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മലയാള ചലച്ചിത്രരംഗത്തെ നിരവധി വിഷയങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. മലയാളസിനിമാലോകത്ത് സ്ത്രീകൾ ലൈംഗികാതിക്രമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.