ഈണങ്ങളുടെ മാന്ത്രികൻ ‌ഇളയരാജയ്ക്ക് ഇന്ന്  81-ാം പിറന്നാൾ

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി സംഗീതത്തിന്റെ തമ്പുരാനായി വാഴുന്ന ഇളയരാജയ്ക്ക് ഇന്ന് 81-ാം പിറന്നാൾ.

author-image
Anagha Rajeev
Updated On
New Update
df
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ സിനിമാ സംഗീതലോകത്ത്​ പകരക്കാരനില്ലാത്ത സം​ഗീതസംവിധാകനാണ് ഇളയരാജ. ആയിരത്തിലധികം സിനിമകൾ, അവയിലെ പാട്ടുകൾ ഒരു ഇളയരാജ ഗാനം ആസ്വദിക്കാത്തവരായി ആരും ഉണ്ടാകില്ല. ദക്ഷിണേന്ത്യൻ ജീവിതങ്ങളുടെ ഈണങ്ങളെ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമാക്കിയതിന് ഇളയരാജയുടെ പങ്ക് വളരെ വലുതാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി സംഗീതത്തിന്റെ തമ്പുരാനായി വാഴുന്ന ഇളയരാജയ്ക്ക് ഇന്ന് 81-ാം പിറന്നാൾ.

തേനിയിലെ ഗ്രാമത്തിൽ ജനിച്ച ജ്ഞാനദേശികൻ നാട്ടുകാർക്ക് രാസയ്യ ആയിരുന്നു. ചെറുപ്പം മുതൽ പാട്ടിനെ സ്നേഹിച്ച രാസയ്യയെ സംഗീതഗുരു ധനരാജ് മാസ്റ്റർ രാജയെന്ന് വിളിച്ചു. സഹോദരൻ വരദരാജന്റെ സംഗീതട്രൂപ്പിൽ വർഷങ്ങളോളം തുടർന്ന രാജ പിന്നീട് ഇളയരാജയായി. നിർമ്മാതാവ് പഞ്ചു അരുണാചലമാണ് ആദ്യമായി സിനിമയിൽ അവതരിപ്പിച്ചത്. അന്നക്കിളി എന്ന ചിത്രത്തിലൂടെ 33-ാം വയസ്സിൽ വെള്ളിത്തിരയിൽ കാൽവെക്കുമ്പോൾ പുതിയൊരു ചരിത്രം കൂടി പിറക്കുകയായിരുന്നു. എം എസ് വിശ്വനാഥൻ അടങ്ങുന്ന മുൻഗാമികളിൽ നിന്നും വ്യത്യസ്തനായി സ്വന്തം നാടിന്റെ ഗന്ധവും താളവും പാട്ടിലേക്ക് പകർത്തി പുതിയ സംഗീതസംസ്കാരത്തിന് തുടക്കമിട്ടു ഇളയരാജ. നാടൻ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി കോർത്തിണക്കിയ രാജ സ്റ്റൈൽ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമായി സഞ്ചരിച്ചു. മലയാളക്കരയിലും അത് ഹിറ്റ് മഴ പെയ്യിച്ചു.

തലമുറകൾ കടന്നുപോകുമ്പോഴും ആസ്വാദകരെ രസിപ്പിക്കാൻ സാധിക്കുന്നൊരു മാജിക്ക് ഇളയരാജ സംഗീതത്തിനുണ്ട്. ജീവിതസായാഹ്നത്തിലും വിശ്രമമില്ലാതെ സംഗീതയാത്രകൾക്കൊപ്പം രാജ്യസഭാ എം പി എന്ന പുതിയ റോളിലും പ്രവർത്തിക്കുകയാണ് അദ്ദേഹമിപ്പോൾ. സ്വന്തം ഈണങ്ങളിൽ ഒരുകാലത്തും വിട്ടുവീഴ്ച കാട്ടാത്ത ആളാണ് അദ്ദേഹം. രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകളിലും ആ കാർക്കശ്യം തുടർന്നപ്പോൾ വിവാദങ്ങളും കൂടപിറപ്പായി. പക്ഷേ അന്നും ഇന്നും ആ വിമർശനങ്ങൾക്ക് കാതുകൊടുക്കാതെ, സ്വന്തം സഞ്ചാരവഴിയിലൂടെ സ്വച്ഛന്ദം ഒഴുകുകയാണ് അദ്ദേഹം ഒരു ഇളയരാജ ഈണം പോലെ തന്നെ. ആകാശവും സമുദ്രവും പോലെ വിശാലമാണ് സംഗീതം. ഞാൻ അവിടെ ചെറിയൊരു ഉറുമ്പ് മാത്രം. സംഗീതത്തിലെ മറ്റ് പല മഹാരഥന്മാരെയുംപോലെ ഇളയരാജയും കലയ്ക്ക് മുന്നിൽ വിനയാന്വിതനാണ്. അദ്ദേഹം ചെയ്യാനിരിക്കുന്ന ഈണങ്ങൾക്കായി കാതോർത്തിരിപ്പാണ് സംഗീതലോകം. 

 

Ilayaraja