/kalakaumudi/media/media_files/czgQ3FxxNeLst5E3G1Dy.jpg)
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ചകൾക്കിടെ സിനിമ ഷൂട്ടിംഗ് സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സമിതി നോക്ക് കുത്തിയാവുന്നതായി ആരോപണം. ഹൈക്കോടതി വിധിയെ തുടർന്ന് രണ്ടു വർഷം മുൻപ് രൂപീകരിച്ച സമിതി മിക്ക ഷൂട്ടിംഗ് സെറ്റുകളിലും കടലാസിൽ മാത്രമെന്നാണ് ആരോപണം. സമിതികളുടെ പ്രവർത്തനം വിലയിരുത്തുന്ന മോണിറ്ററിംഗ് കമ്മിറ്റിയിലും വിവിധ സിനിമ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കാറില്ല. പരാതികൾ ഉയർന്നതോടെ പ്രശ്നപരിഹാരത്തിന് ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി.വുമൺ ഇൻ സിനിമ കളക്ടിവ് നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് സിനിമ ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീകൾക്ക് പ്രശ്നങ്ങൾ അറിയിക്കാനും പരിഹരിക്കാനും ആഭ്യന്തര പരാതി പരിഹാര സമിതിയെന്ന ചരിത്രപരമായ തീരുമാനമുണ്ടായത്. സെറ്റിലെ മുതിർന്ന വനിത അംഗവും അഭിഭാഷകരുമടക്കമുള്ള നാലംഗ സമിതി.സിനിമയുടെ രജിസ്ട്രേഷന് ഐസിസി രൂപീകരിച്ച രേഖകൾ നിർബന്ധമെന്ന് നിർമ്മാതാക്കളുടെ സംഘടനയും, ഫിലിം ചേമ്പറും നിലപാടെടുത്തു. ആദ്യഘട്ടത്തിൽ ഒരു വിഭാഗം സെറ്റുകളിൽ ഇത് നടപ്പിലാക്കി. എന്നാൽ ഭൂരിഭാഗം സെറ്റുകളിലും ഇത് പേരിന് മാത്രമായി. പല വനിത അഭിഭാഷകരും അവർ പോലും അറിയാതെ ഇത്തരം സമിതികളിൽ അംഗങ്ങളായി.ഐ.സി.സി വിവരങ്ങൾ സെറ്റുകളിൽ പ്രദർശിപ്പിക്കണമെന്ന ചട്ടവും അട്ടിമറിക്കപ്പെട്ടു. ഡബ്ല്യൂ.സി.സി ഇക്കാര്യം സജീവമായി വീണ്ടും ഉയർത്തി. ഫിലിം ചേമ്പറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് ഐ.സി.സി.യുടെ ചുമതല. ലീഗൽ സർവ്വീസസ് അതോറിറ്റി മുൻകൈയെടുത്ത് ഹൈക്കോടതിയിൽ അവലോകന യോഗവും ചേർന്നു.ഫിലിം ചേമ്പർ, അമ്മ, ഫെഫ്ക, പ്രൊഡ്യുസേഴ്സ് അസ്സോസിയേഷൻ തുടങ്ങി 9 സിനിമ സംഘടനകളിലെ 27 പേരടങ്ങുന്ന കമ്മിറ്റിയാണ് ഐസിസി യുടെ പ്രവർത്തനങ്ങൾ യോഗം ചേർന്ന് വിലയിരുത്തേണ്ടത്. എന്നാൽ ഫെഫ്ക, അമ്മ സംഘടനകളിൽ നിന്ന് പോലും ഈ യോഗത്തിന് പ്രതിനിധികൾ എത്താത്ത സാഹചര്യമുണ്ടായി. വിമർശനം ശക്തമായതോടെയാണ് പ്രശ്നപരിഹാരത്തിന് തിരക്കിട്ട നീക്കങ്ങൾ.