മമ്മൂട്ടിയും മോഹൻലാലുമാണ് ഞങ്ങളുടെ പവർ ഗ്രൂപ്പ്, അമ്മയിലെ സ്ത്രീകളാരും ഹേമാ കമ്മീഷനിൽ മൊഴി കൊടുത്തിട്ടില്ല: പൊന്നമ്മ ബാബു

എന്താണ് പവർ ഗ്രൂപ്പ് എന്ന് പോലും മനസിലാവുന്നില്ല. ഇനി അങ്ങനെയൊരു പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ തന്നെ ഞങ്ങൾക്കത് മമ്മൂക്കയും ലാലേട്ടനുമാണ് എന്നാണ് പൊന്നമ്മ ബാബു  പറയുന്നത്.

author-image
Anagha Rajeev
New Update
ponnammababu
Listen to this article
0.75x 1x 1.5x
00:00 / 00:00

മമ്മൂട്ടിയും മോഹൻലാലുമാണ് ഞങ്ങളുടെ പവർ ഗ്രൂപ്പ് എന്ന് നടി പൊന്നമ്മ ബാബു. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിച്ച് സംസാരിക്കവെയാണ് സിനിമയിലെ പവർ ഗ്രൂപ്പ് എന്ന വിഷയത്തിലും പൊന്നമ്മ സംസാരിച്ചത്. ഹേമാ കമ്മിറ്റി ‘അമ്മ’ സംഘടനയിലെ സ്ത്രീകളെ ആരെയും സമീപിച്ചിട്ടില്ല. ജൂനിയർ ആർട്ടിസ്റ്റുകൾ മാത്രമാണ് മൊഴി രേഖപ്പെടുത്താൻ പോയിട്ടുള്ളത് എന്നും പൊന്നമ്മ ബാബു വ്യക്തമാക്കി.

ഹേമ കമ്മിറ്റി അമ്മയിലെ ഒരു സ്ത്രീ അംഗത്തിനെയും സമീപിച്ചിരുന്നില്ല. ജൂനിയർ ആർട്ടിസ്റ്റുകളാണ് മൊഴി രേഖപ്പെടുത്താനായി പോയിട്ടുള്ളത്. അവർ ബാധിക്കപ്പെട്ടവരാണെങ്കിൽ അവരോട് അങ്ങനെ പെരുമാറിയവർ തെറ്റാണ് ചെയ്തത്. എന്നാൽ ഇവർ യഥാർത്ഥ ഇരകൾ അല്ല എങ്കിൽ ശിക്ഷ അനിവാര്യമാണ്. 222 സ്ത്രീകൾ അമ്മയിൽ ഉണ്ട്, ഞങ്ങളെയാരും ഈ കമ്മീഷൻ വിളിച്ചിട്ടില്ല.

എന്റെ അറിവിൽ അമ്മയിലെ സ്ത്രീകളാരും മൊഴി കൊടുത്തിട്ടില്ല. ഡബ്ല്യൂസിസിയിലെ അംഗങ്ങൾ ചെയ്തതെല്ലാം ശരിയാണ്. അവരെ ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ല. ഡബ്ല്യസിസി തുടങ്ങിയ സമയത്ത് ഞങ്ങളെയാരെയും വിളിച്ചില്ല. അമ്മയിലെ സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ ഡബ്ല്യൂസിസി ഇടപെടാറില്ല.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡബ്ല്യൂസിസി എന്തെങ്കിലും ചെയ്യുന്നത് കാണുന്നത്. ഏറ്റവും അധികം സ്ത്രീകൾ ഉള്ളത് അമ്മയിലാണ്. ഇപ്പോൾ ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ അമ്മയിലെ മൊത്തം സ്ത്രീകൾക്കും അപമാനം നേരിട്ടിരിക്കുകയാണ്. അമ്മ സംഘടനയിലെ പ്രതിസന്ധിയും എടുത്തു പറയേണ്ടതാണ്.

മോഹൻലാലിന് ശേഷം ഇനിയാര് എന്നത് എല്ലാവരും ഉറ്റു നോക്കുന്ന വിഷയമാണ്. എല്ലാവരും കരുതുന്ന പോലെ പുതിയ ആളുകളെ അല്ലെങ്കിൽ യുവ താരങ്ങളെയൊന്നും അമ്മ വിളിക്കാത്തതു കൊണ്ടല്ല. അവർ എല്ലാവരും മനപ്പൂർവം മാറി നിൽക്കുന്നതാണ്.

ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായിട്ട് തന്നെ പ്രതിസന്ധിയെ നേരിടും. പിന്നെ എല്ലാവരും പറയുന്നത് പവർഗ്രൂപ്പിനെ കുറിച്ചാണ്. എന്താണ് പവർ ഗ്രൂപ്പ് എന്ന് പോലും മനസിലാവുന്നില്ല. ഇനി അങ്ങനെയൊരു പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ തന്നെ ഞങ്ങൾക്കത് മമ്മൂക്കയും ലാലേട്ടനുമാണ് എന്നാണ് പൊന്നമ്മ ബാബു  പറയുന്നത്.

hema committee report