/kalakaumudi/media/media_files/6WPjHHyKv81ziksFdfKC.jpg)
mohan lal is helpless in bigg boss says ex contestant sandhya manoj
സ്വകാര്യ ചാനലിലെ ഷോ ആയ ബിഗ്ബോസിലൂടെ ചലച്ചിത്ര രംഗത്തെത്തിയ താരമാണ് സന്ധ്യാ മനോജ്. ആ ഷോയിൽ ഉറച്ച നിലപാടുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സന്ധ്യ പിന്നീട് മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. രാജ്യത്തിനകത്തും പുറത്തുമായി നൃത്തവും മോട്ടിവേഷൻ സ്പീച്ചും നടത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തി കൂടിയാണ് സന്ധ്യാ മനോജ്. ഐജി യായി വേഷമിട്ട് ഏറെ ശ്രദ്ധ നേടിയ സന്ധ്യയുടെ പുതിയ ചിത്രമാണ് 'എൽ' ആ ചിത്രത്തിൻറെ വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോഴും ബിഗ്ബോസിലൂടെ ജനപ്രിയ താരമായി മാറിയ സന്ധ്യ ബിഗ്ബോസ് ഷോയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ്.
ബിഗ്ബോസിൽ ഇപ്പോൾ നടക്കുന്നത് തെറിവിളിയും ബഹളങ്ങളും മാത്രമാണ്. ഒരു തരത്തിലും അതിനെ പോസിറ്റീവായി കാണാനാവില്ലെന്ന് സന്ധ്യാ മനോജ് പറയുന്നു. ഈ ബഹളത്തിനിടയിൽ ലാൽ സാർ നിസ്സഹായനാണ്. അദ്ദേഹത്തിന് ഒന്നും ചെയ്യാനാവില്ല.പക്ഷേ ബിഗ്ബോസിനെ വിമർശിക്കാനും തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും മീഡിയയും തയ്യാറാകുന്നില്ല. ഞാൻ മൂന്നാമത് സീസണിലാണ് ബിഗ്ബോസിൽ അംഗമായത്. അതിൽ പങ്കെടുത്ത എല്ലാവരും കലാകാരന്മാരായിരുന്നു. ഓരോരുത്തരുടെയും ക്രിയേറ്റിവിറ്റി നല്ല രീതിയിൽ വിനിയോഗിക്കാനും ആ ഷോയിൽ കഴിഞ്ഞു. പങ്കെടുക്കുന്നവർക്ക് അവരവരുടേതായ മാന്യത പോലും നിലനിർത്തിക്കാണുന്നില്ല. അതിലെ അംഗങ്ങൾ വിവിധ മേഖലകളിലെ പ്രതിനിധികളാണ്. അതിൻറെ അന്തസ്സ് നിലനിർത്താൻ അവർ തയ്യാറാവണം. പ്രോഗ്രാം നല്ല രീതിയിൽ നടന്നുകാണാനുള്ള ആഗ്രഹം കൊണ്ട് ഞാൻ പറയുന്നതാണ്.ആരെയും കുറ്റപ്പെടുത്താൻ പറയുന്നതുമല്ല. എൻറെ അഭിപ്രായത്തെ ദയവായി പോസിറ്റീവായി കാണണം. സന്ധ്യാ മനോജ് പറഞ്ഞു.
വരാൽ, അസ്ത്ര, എൽ എന്നീ ചിത്രങ്ങളിലെല്ലാം ഉയർന്ന പോലീസ് ഓഫീസറുടെ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സന്ധ്യാ മനോജ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം കൈനിറയെ ചിത്രങ്ങളായിരുന്നു സന്ധ്യയ്ക്ക്. എട്ടോളം ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തു. പുതിയ ചിത്രമായ എൽ എന്ന മൂവിയിൽ ഐ ജിയുടെ വേഷമാണ് സന്ധ്യ ചെയ്തത്. ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. പ്രമുഖ നർത്തകിയായ സന്ധ്യാ മനോജിന് നൃത്തരംഗത്തെക്കുറിച്ചും വ്യക്തമായ നിലപാടുണ്ട്. ഞാൻ നൃത്തത്തിലായാലും യോഗയിലായാലും സമർപ്പിച്ചുതന്നെ ജീവിക്കുന്നയാളാണ്.
അതുകൊണ്ടുതന്നെ മത്സര രംഗത്തേക്കും സമ്മാനങ്ങൾ വാരിക്കൂട്ടാനുമായി നൃത്തം പഠിക്കാനെത്തുന്നവരെ ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. അങ്ങനെയുള്ളവരെ ഞാൻ പഠിപ്പിക്കാറില്ല. നൃത്തം പഠിക്കാനും അതൊരു കലയായി കൊണ്ടുനടക്കാനും താല്പര്യമുള്ളരെയേ ഞാൻ പഠിപ്പിക്കാറുള്ളൂ. അതെൻറെ നിലപാടാണ്. വളരെ വർഷങ്ങളായി നൃത്തരംഗത്തായാലും പേഴ്സണൽ ലൈഫിലായാലും ഞാൻ വളരെ കർക്കശമായ ഉറച്ച തീരുമാനങ്ങളോടെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നയാളാണ്. അഭിപ്രായങ്ങൾ നമ്മൾ പറയുമ്പോൾ അത് പലർക്കും അരോചകമായി തോന്നിയേക്കാം.പക്ഷേ നമ്മുടെ നിലപാടുകൾ തുറന്നുപറഞ്ഞേ തീരൂ. സന്ധ്യാ മനോജ് പറയുന്നു.