ഫയൽ ചിത്രം
ഒരിക്കൽ കൂടി മലയാളികൾകളുടെ എവർഗ്രീൻ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിലൂടെയുണ്ട് ഇരുവരും ഒരിക്കൽ കുടി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
പുതിയ സിനിമയ്ക്കായി സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന ഇൻസ്റ്റഗ്രാം വിഡിയോയിൽ വ്യക്തമാക്കി. താനും മോഹൻലാലും ഒന്നിച്ചുള്ള 56 ആം സിനിമയാണിതെന്നും താരം വെളിപ്പെടുത്തി. ‘എൽ360’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.
ചിത്രത്തിൽ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. എം.രഞ്ജിത്താണ് നിർമാണം.
2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിനു മുമ്പ് ഇരുവരും അവസാനമായി താര ജോഡികളായി എത്തിയത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’യിലും ഒന്നിച്ചഭിനയിച്ചെങ്കിലും മനോജ് കെ.ജയൻറെ ഭാര്യയായിട്ടായിരുന്നു ശോഭന എത്തിയത്. 2020ൽ റിലീസ് ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രമാണ് ശോഭനയുടെ അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
