ചിത്രത്തിന്റെ പോസ്റ്റര്‍
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വിഷു ആഘോഷമാക്കാന്‍ ഇതാ മൂന്ന് സിനിമകള്‍. 'വര്‍ഷങ്ങള്‍ക്കു ശേഷം', 'ആവേശം', 'ജയ് ഗണേഷ്' എന്നിങ്ങനെ മൂന്ന് സിനിമകളാണ് വിഷു റിലീസായി എത്തിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഒറ്റ ദിവസം കൊണ്ട് നേടിയത് 2.50 കോടി എന്നാണ് സാക്‌നിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഫഹദ് ഫാസില്‍ ചിത്രം 'ആവേശം' നേടിയതോ 3.26 കോടി രൂപ. ഉണ്ണി മുകുന്ദന്‍-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രം 'ജയ് ഗണേഷിനും കേരള ബോക്‌സോഫീസില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് മികച്ച കളക്ഷന്‍ നേടാനായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ്-ബ്ലസി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ആടുജീവിതവും മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. ഈ നാല് സിനിമകളില്‍ നിന്നുമായി 10 കോടിയിലധികം രൂപ നേടിയതായി അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ്. ഇന്ത്യന്‍ സിനിമ മേഖലയില്‍ അപൂര്‍വ്വ നേട്ടമാണ് മലയാള സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ഹൈപ്പിലെത്തിയ പല ബോളിവുഡ് സിനിമകളെ പിന്തള്ളിയായിരുന്നു മലയാള സിനിമ ബോക്‌സോഫീസില്‍ ഇടം നേടിയത്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ മലയാള സിനിമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇടയാക്കി.