കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ ഉടലെടുത്ത പ്രതിസന്ധിയിൽ പരോക്ഷമായ കുറിപ്പുമായി നടി സീമ ജി നായർ. ഒരമ്മയുടെ മക്കൾക്ക് പല സ്വഭാവം ഉണ്ടാകും. എന്നാൽ അതിനും പഴി കേൾക്കുന്നത് അമ്മ തന്നെയായിരിക്കും. അമ്മ എന്നും അമ്മ തന്നെയായിരിക്കും. ആരെയും തകർക്കാൻ എളുപ്പമാണെന്നും ഈ സമയവും കടന്നുപോകാൻ എല്ലാവർക്കും മനശക്തി ഉണ്ടാകട്ടെയെന്നും സീമ ജി നായർ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
അമ്മ എന്നത് വെറും ഒരു പേരല്ല. അമ്മ എന്ന വിളിപ്പേരിന് ഒരുപാടർത്ഥങളുണ്ട്. ഒരമ്മക്ക് മക്കളുണ്ടാവുമ്പോൾ, അവർ വളർന്നുവരുമ്പോൾ പലരും പലസ്വഭാവം ഉള്ളവർ ആയിരിക്കും. അതിനും പഴി കേൾക്കുന്നത് അമ്മയായിരിക്കും. ആ അമ്മയുടെ വളർത്തുദോഷം, വളർത്തി നശിപ്പിച്ചു ഇതൊക്കെ കേൾക്കുന്നത് സ്വാഭാവികം. അമ്മ എന്നും അമ്മ തന്നെയായിരിക്കും. ആ അമ്മയെ വേറെ വിളിപ്പേരുകൾ കൊണ്ട് നശിപ്പിക്കാമെന്നു ആരും കരുതണ്ട. ആരെയും തകർക്കാൻ എളുപ്പമാണ്. ആ തകർച്ച കണ്ട് ആനന്ദിക്കാനും ആളുകൾ ഉണ്ട്. ഒരു നിമിഷം മതി തകർത്തെറിയാൻ. ഈ സമയവും കടന്നുപോകാൻ എല്ലാവർക്കും മനശക്തി ഉണ്ടാകട്ടെ