ലോക സിനിമയുടെ നെറുകില്‍ ഇന്ത്യന്‍ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ടുന്ന ദിനം. കാന്‍ ചലച്ചിത്രമേളയുടെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരിലാണ്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളില്‍ ഒന്നാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സംവിധായിക പായല്‍ കപാഡിയുടേത്.
ശക്തമായ രഷ്ട്രീയമുള്‍ച്ചേര്‍ന്നതാണ് പായല്‍ കപാഡിയയുടെ സിനിമകള്‍. ഒരുപക്ഷെ തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും മനസിലാക്കിയ യാഥാര്‍ഥ്യങ്ങളില്‍ നിന്നാണ് ഓരോ സിനിമയും പിറന്നതെന്ന് പറയാം. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രി പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയ പായലിന്റെ സമരോല്‍സുകമായ വിദ്യാര്‍ത്ഥി ജീവിതം കൂടി അടയാളപ്പെടുത്തേണ്ടതുണ്ട്.
മുംബൈയിൽ ആർട്ടിസ്റ്റായ നളിനി മാലിനിയുടെ മകളായ പായൽ കപാഡിയ ആന്ധ്രപ്രദേശിലെ ഋഷി വാലി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സെയിന്റ് സ്റ്റീഫൻസ് കോളേജിലാണ് എത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളിലൊന്നായ ഇവിടെനിന്നും എക്കണോമിക്സിൽ ബിരുദം നേടിയ പായൽ സിനിമ പഠിക്കാനായി പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇന്സ്ടിട്യൂട്ടിലേക്ക് ചേർന്നു. രാജ്യത്ത് ഏറ്റവും ശക്തമായ രാഷ്ട്രീയവും കലയും നിലനിൽക്കുന്ന ക്യാമ്പസുകളിലൊന്നായ പൂനെ എഫ്ടിഐഐയിലെ പായലിന്റെവിദ്യാർഥി ജീവിതവും അടിമുടി രാഷ്ട്രീയമുള്ളതായിരുന്നു.
2015ൽ ഗജേന്ദ്ര ചൗഹാൻ എന്ന ടെലിവിഷൻ താരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിനെതിരെ നാലുമാസം ക്ലാസ്സുകൾ ബഹികരിച്ച് സമരം ചെയ്തവരിൽ പായലുമുണ്ടായിരുന്നു. അതിന്റെ പേരിൽ പായൽ കപാഡിയയ്‌ക്കെതിരെ എഫ്ടിഐഐ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരുന്ന പ്രശാന്ത് പത്രബെയുടെ ഓഫീസിനു മുന്നിൽ ധർണയിരുന്നതിന് പായലിനെതിരെ പൂനെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു സമരത്തിന്റെ ചരിത്രം കൂടിയുണ്ട്, പായൽ കപാഡിയ എന്ന സംവിധായികയ്ക്ക്.
2015ൽ സമരം നടക്കുന്ന വർഷമാണ് പായൽ 'ആഫ്റ്റർനൂൺ ക്‌ളൗഡ്‌സ്' എന്ന 13 മിനിറ്റുള്ള ഹ്രസ്വസിനിമ ചെയ്യുന്നത്. തൊട്ടടുത്ത വർഷം സിനിമ കാനിൽ തിരഞ്ഞെടുക്കപ്പെട്ടു.