യുവ താരങ്ങളായ മമിതയും നസ്‍ലെനും പ്രധാന കഥാപാത്രങ്ങളായ ചിത്രം പ്രേമലു വൻ ഹിറ്റായി മാറിയിരുന്നു. നസ്‍ലെൻ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. പ്രേമലു രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കും തുടങ്ങുന്നത് എന്ന അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. പ്രേമലു 2 ചിത്രീകരണം ജനുവരിയില്‍ തുടങ്ങി അടുത്ത ഓണത്തിന് പ്രദര്‍ശനത്തിനെത്തിച്ചേക്കുമെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തകളിലൂടെ അറിയുന്നത്.
പ്രേമലു രണ്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്ക് നിലവില്‍ വെളിപ്പെടുത്താനാകില്ല എന്ന് പ്രഖ്യാപിച്ചപ്പോള്‍ സംവിധായകൻ ഗിരീഷ് എ ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ തമാശയുള്ളതും എനര്‍ജറ്റിക്കുമായിരിക്കും ചിത്രം എന്ന് ഗിരീഷ് എ ഡി പറഞ്ഞതും ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. പ്രേമലുവിനെക്കാള്‍ വലിയ ക്യാൻവാസിലുള്ളതായിരിക്കും രണ്ടാം ഭാഗം എന്നും ഗിരീഷ് എ ഡി പറഞ്ഞതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടൊകെ പ്രേമലു സിനിമയ്‍ക്ക് വിജയം നേടാനായി എന്നതിനാല്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് കളക്ഷനില്‍ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.