അടുത്തിടെയാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂൺ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ഛേത്രി വിരമിക്കുമെന്നാണ് അറിയിച്ചത്. 39-കാരനായ താരത്തിന്റെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം സങ്കടത്തിലാക്കിയിട്ടുണ്ട്. ഇതിനു പ്രതികരണവുമായി നടൻ രൺവീർ സിംഗ് രംഗത്തെതിയിരിത്തുതയാണ്.
കയ്പേറിയനിമിഷം എന്നാണ് സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തെ രൺവീർ സിംഗ് വിശേഷിപ്പിച്ചത്. വിരമിക്കുന്നതായി അറിയിച്ചുകൊണ്ട് ഛേത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ കമന്റുമായാണ് രൺവീർ എത്തിയത്. "ഐക്കൺ, നായകൻ, ഇതിഹാസം. നിങ്ങളുടെ മഹത്വംകൊണ്ട് പ്രചോദിതരായ ഞങ്ങൾക്ക് ഇതൊരു കയ്പേറിയ നിമിഷമാണ്. ഞങ്ങൾക്ക് വളരെയധികം സന്തോഷവും കീർത്തിയും കൊണ്ടുവന്നതിന് നന്ദി, ക്യാപ്റ്റൻ. നിങ്ങളെ എന്നും സ്നേഹിക്കുന്നു! എന്നായിരുന്നു രൺവീറിന്റെ വാക്കുകൾ.
ബോളിവുഡ് നടനെന്നതിലുപരി നല്ലൊരു ഫുട്ബോൾ പ്രേമികൂടിയാണ് രൺവീർ സിംഗ്. ഫുട്ബോളിനോടുള്ള തന്റെ ഇഷ്ടം മുമ്പും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗ് കണ്ടുതുടങ്ങിയപ്പോൾമുതലാണ് ഫുട്ബോളിനോട് കൂടുതൽ അടുപ്പം തോന്നുന്നതെന്നും ആഴ്സണലാണ് മികച്ച കളി പുറത്തെടുക്കുന്ന ഫുട്ബോൾ ടീമെന്നും മുൻപ് സുനിൽ ഛേത്രിയുമൊത്തുള്ള സോഷ്യൽ മീഡിയാ ലൈവിൽ രൺവീർ പറഞ്ഞിരുന്നു.
2005 ജൂൺ 12-ന് പാകിസ്താനെതിരേ നടന്ന സൗഹൃദ മത്സരത്തിലൂടെയായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം കുറിച്ചത്. ആ കളിയിൽ തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന കളിയിൽ 65-ാം മിനിറ്റിലാണ് ഛേത്രിയുടെ കന്നിഗോൾ. മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ ഛേത്രി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് താരം. 2011-ൽ അർജുന പുരസ്‌കാരവും 2019-ൽ പദ്മശ്രീ ബഹുമതിയും ലഭിച്ചു.
ആറു തവണ രാജ്യത്തെ മികച്ച ഫുട്‌ബോൾ താരമായും ഛേത്രി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അതേസമയം ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ ആണ് രൺവീർ സിംഗിന്റേതായി അണിയറയിലുള്ള ചിത്രം. ഷാരൂഖ് ഖാൻ നായകനായ ഡോൺ സീരീസിലെ പുതിയ ചിത്രമാണിത്. കിയാര അദ്വാനിയാണ് നായിക. രോഹിത് ഷെട്ടിയുടെ സിംഗം സീരീസിലെ പുതിയ ചിത്രത്തിലും രൺവീർ മുഖ്യവേഷത്തിലെത്തുന്നുണ്ട്.