Ranveer Singh Announces New Film with Aditya Dhar:
ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗ്, സഞ്ജയ് ദത്ത്, ആർ മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദിത്യ ധർ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ഉറി-ദി സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ ആദിത്യ ധർ ഒരുക്കാൻ പോകുന്ന തന്റെ രണ്ടാം ചിത്രമാണിത്.
'ഉറി:ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിലൂടെ 350 കോടി കളക്ഷൻ നേടുന്ന ആദ്യ പുതുമുഖ സംവിധായകനായി ആദിത്യ ധർ ചരിത്രം കുറിച്ചിരുന്നു. സൂപ്പർഹിറ്റ് റൊമാൻ്റിക് കോമഡിയായ "റോക്കി ഔർ റാണി കി പ്രേം കഹാനി" എന്ന ചിത്രത്തിന് ശേഷം ശേഷം രൺവീർ സിങ് നായകനായി എത്തുന്ന അടുത്ത വമ്പൻ ചിത്രമാണിത്. ബോളിവുഡിലെ യുവതലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ രൺവീർ രൺവീർ സിംഗിനൊപ്പം ആദിത്യ ധർ കൈകോർക്കുന്ന വാർത്തകൾ കുറച്ചു നാളുകൾക്കു മുൻപ് തന്നെ ബോളിവുഡ് വൃത്തങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിക്കുമ്പോൾ ഒരു വമ്പൻ ബോക്സ് ഓഫീസ് പ്രകമ്പനം തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നതും.
സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇത്രയും സൂപ്പർ താരങ്ങൾ ഒന്നിക്കുമ്പോൾ വെള്ളിത്തിരയിൽ പ്രകടനമികവിന്റെ വമ്പൻ രസതന്ത്രം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിന് വേണ്ടിയുള്ള തൻ്റെ അസാധാരണമായ കാഴ്ചപ്പാടിൻ്റെയും അതിശക്തമായ കഥയുടെയും പിൻബലത്തിലാണ് ഇത്രയും വലിയ അഭിനേതാക്കളെ ഒരുമിച്ച് കൊണ്ടുവരാൻ ആദിത്യ ധറിന് കഴിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അടുത്തിടെ ഇവരുടെ നിർമ്മാണത്തിൽ വന്ന "ആർട്ടിക്കിൾ 370" എന്ന ചിത്രവും സൂപ്പർ വിജയം നേടിയിരുന്നു. ആദിത്യ ധർ- രൺവീർ സിങ് ടീം ഒന്നിക്കുന്ന ഈ വമ്പൻ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.