വിട വാങ്ങിയത് സിനിമാക്കാരുടെ സ്വന്തം ബാലേട്ടന്‍, നല്ല സിനിമകളുടെ ഗാന്ധിമതി ബാലന്‍

എന്നും മലയാളികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ നിരവധി ക്ലാസിക് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവായിരുന്നു ഗാന്ധിമതി ബാലന്‍.പത്മരാജന്റെ മൂന്നാം പക്കം, നൊമ്പരത്തിപ്പൂവ് എന്നിവയും സുഖമോ ദേവിയും ഇത്തരിനേരം ഒത്തിരികാര്യവും ബാലന്‍ നിര്‍മ്മിച്ചതാണ്.

author-image
Greeshma Rakesh
Updated On
New Update
gandhimathi-balan

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഗാന്ധിമതി ബാലൻ...

Listen to this article
0.75x 1x 1.5x
00:00 / 00:00



ബി.വി. അരുണ്‍ കുമാര്‍

ഇന്നത്തെ കാലത്ത് ഒരു സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കളെ കിട്ടാന്‍ തന്നെ വലിയ പ്രയാസമാണ്. അഥവാ കിട്ടിയാല്‍ തന്നെ അവരുടെ ഡിമാന്‍ഡുകള്‍ക്കനുസരിച്ച് സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ നിലകൊള്ളണം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു നിര്‍മാതാവ് മലയാള സിനിമയ്ക്കുണ്ടായിരുന്നു, ഗാന്ധിമതി ബാലന്‍. എന്നും മലയാളികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ നിരവധി ക്ലാസിക് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവായിരുന്നു അദ്ദേഹം. പഞ്ചവടിപ്പാലം എന്ന ഒരു പേര് മാത്രം മതി അദ്ദേഹത്തെ ഓര്‍ക്കാന്‍. 1984 സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ഈ ചിത്രം ഒരുപക്ഷേ പുതുതലമുറയ്ക്ക് അത്ര ഓര്‍മയുണ്ടാകില്ല. പഴയകാല സിനിമാ പ്രേമികള്‍ ഇന്നും അതിലെ ഓരോ സീനുകള്‍ ഓര്‍ത്തെടുക്കാറുണ്ട്. പത്മരാജന്റെ മൂന്നാം പക്കം, നൊമ്പരത്തിപ്പൂവ് എന്നിവയും സുഖമോ ദേവിയും ഇത്തരിനേരം ഒത്തിരികാര്യവും ബാലന്‍ നിര്‍മ്മിച്ചതാണ്.

കലാമേന്മയുള്ള സിനിമകളുടെ നിര്‍മാതാവ് എന്നാണ് ഗാന്ധിമതി ബാലന്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഒരു ചിത്രം തിയേറ്ററിലോ ഒടിടിയിലോ ഇറങ്ങിയ ഉടന്‍തന്നെ അതിന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങാറുണ്ട്. വ്യാജ പതിപ്പിറക്കുന്നവരെ പിടികൂടാന്‍ ഇന്നിപ്പോള്‍ അത്യാധുനിക സംവിധാനങ്ങള്‍ വരെ നിലവിലുണ്ട്. എന്നാല്‍ ഗാന്ധിമതി ബാലന്റെ ക്ലാസിക് സിനിമകള്‍ ഇറങ്ങുമ്പോഴും വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നത് പതിവായിരുന്നു. അന്നൊക്കെ വീഡിയോ കാസറ്റുകളായിട്ടാണ് വ്യാജന്‍മാര്‍ വിപണിയിലേക്കെത്തിയത്. അന്നൊന്നും ഇന്നത്തെ ആന്റി പൈറസി നിയമമൊന്നും ഉണ്ടായിരുന്നില്ല. തന്റെ മാത്രമല്ല മറ്റുള്ളവരുടെ സിനിമകള്‍ ഇത്തരത്തില്‍ വ്യാജ പതിപ്പിറങ്ങുന്നതിനെതിരെ എന്തു ചെയ്യണമെന്നറിയാതെ ബാലന്‍ നിന്നിട്ടുണ്ട്.

പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റായി ഓടുന്നതിനിടയിലും വ്യാജന്‍ ഇറങ്ങി. അന്നും ബാലന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം തന്നെ സ്വയം പൊലീസായി മാറിയ സംഭവവും ഉണ്ടായി. സിനിമാ നിര്‍മാണത്തില്‍ നിന്നും മാറിനിന്ന സമയത്താണ് അദ്ദേഹം അത്തരമൊരു റോളെടുത്തത്. സംരംഭകയായ മകള്‍ സൗമ്യ ബാലനുമായി ചേര്‍ന്ന് സൈബര്‍ ഫോറന്‍സിക് ലാബും സൈബര്‍ ഫോറന്‍സിക് സോഫ്‌റ്റ്വെയറുകളും ചേര്‍ന്ന അലിബൈ ഗ്ളോബല്‍ കമ്പനിയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആയി.

സാധാരണ ഒരു നിര്‍മാതാവ് അതിന്റെ പ്രൊഡക്ഷന്‍ സൈഡ് മാത്രമേ നോക്കാറുള്ളു. എന്നാല്‍ ഗാന്ധിമതി ബാലനെ സംബന്ധിച്ച് ഒരു സിനിമയുടെ തുടക്കം മുതല്‍ ആ സിനിമ തിയേറ്ററില്‍ എത്തിക്കുന്നതുവരെ അദ്ദേഹത്തിന്റെ കരങ്ങളുണ്ടാകും. അദ്ദേഹത്തിന്റെ സിനിമകളില്‍ മാത്രമല്ല സുഹൃത്തുക്കളുടെ സിനിമകളില്‍ പോലും അദ്ദേഹം അത്തരം കാര്യങ്ങള്‍ ചെയ്തിരുന്നു. ഭദ്രന്റെ സംവിധാനത്തില്‍ ആര്‍. മോഹന്‍ നിര്‍മിച്ച സ്ഫടികം, പ്രിയദര്‍ശന്റെ കിലുക്കം എന്നീ സിനിമകള്‍ അതിനുദാഹരണങ്ങളാണ്. നിര്‍മാതാവിനു വേണ്ടി സിനിമയിലെ സകല ജോലികളും ചെയ്ത് ആദ്യ പ്രിന്റ് വരെ എത്തിച്ചതും ബാലനായിരുന്നു. സര്‍വതിലും കണ്ണെത്തുകയും കാലമൂല്യം കാക്കുകയും ചെയ്യുന്ന ബാലന്റെ ഗുണം ആ സിനിമകള്‍ക്കെല്ലാം ലഭിച്ചിട്ടുമുണ്ട്. അങ്ങനെയാണ് ബാലന്‍ സിനിമക്കാരുടെയെല്ലാം ബാലേട്ടനായത്.

ധാരാളം വായിക്കുക, സിനിമയ്ക്കു കഥ കണ്ടെത്തുക, മികച്ച എഴുത്തുകാരെ തിരക്കഥാ ജോലി ഏല്‍പ്പിക്കുക, താരങ്ങളെ തിരഞ്ഞെടുക്കുക, ആദ്യവസാനം നിന്ന് സിനിമ ഒരുക്കുക അങ്ങനെയുള്ള നിര്‍മാതാക്കളുടെ പരമ്പരയിലെ അവസാന കണ്ണികളിലൊരാളായിരുന്നു ബാലന്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തൊണ്ണൂറുകളുടെ മധ്യത്തോടെ ബാലന്‍ സിനിമാ നിര്‍മ്മാണം നിര്‍ത്തി. നിര്‍മ്മാതാവിനു വില ഇല്ലാതാകുന്ന പ്രവണത മനസിലാക്കിയായിരുന്നു അദ്ദേഹം അതില്‍ നിന്നും പിന്‍മാറിയത്. നിര്‍മ്മാതാവ് വെറും പണം മുടക്കുന്ന ചാക്ക് മാത്രമായി അധപ്പതിച്ചതോടെ സിനിമ അവസാനിപ്പിച്ചെന്നാണു ബാലന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗാന്ധിമതി ബാലന് സിനിമ തന്നെയായിരുന്നു ജീവിതം. സിനിമയിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, സിനിമയില്‍ നിര്‍മ്മാതാവിനു പഴയ പ്രധാന്യം കിട്ടുന്ന കാലത്ത്, സംവിധായകനെപ്പോലെ സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാന്‍ നിര്‍മ്മാതാവിനും കഴിയുന്ന കാലത്ത് ഗാന്ധിമതി ഫിലിംസ് തിരിച്ചുവരും.

അതിനിടയിലാണ് മകളോടൊപ്പം ചേര്‍ന്ന് അലിബൈ ഗ്ളോബലിന്റെ ടെക്കി വിദഗ്ധര്‍ സിനിമ പൈറസി കണ്ടു പിടിക്കാനുള്ള വഴികളും സോഫ്‌റ്റ്വെയറുകളും രൂപപ്പെടുത്തിയത്. ഭാവിയില്‍ തന്റെ പടം ഏതോ സൈറ്റില്‍ അപ്ലോഡ് ചെയ്തതുകണ്ടു കരയേണ്ട ഗതി നിര്‍മ്മാതാക്കള്‍ക്കുണ്ടാവില്ല. ഉടന്‍ കണ്ടെത്താന്‍ കഴിയും എന്നായിരുന്നു ബാലന്‍ പറഞ്ഞിരുന്നത്.

തന്റെ സെറ്റുകളില്‍ ഏറ്റവും നല്ല ഭക്ഷണം വിളമ്പിയിരുന്ന ബാലന്‍ ക്ളൗഡ് കിച്ചന്‍ എന്ന പേരില്‍ ഭക്ഷണവിതരണ ബിസിനസിലേക്കും തിരിഞ്ഞിരുന്നു. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സ്വിഗ്ഗി പോലുള്ള കമ്പനികളിലൂടെയായിരുന്നു വിതരണം.

death movie movie news malayalam movies gandhimathi balan