mc kattappana
ഇടുക്കി: പ്രശസ്ത നാടകനടൻ എംസി കട്ടപ്പന എന്നറിയപ്പെടുന്ന എംസി ചാക്കോ അന്തരിച്ചു. 75 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 40 വർഷത്തോളം നാടകരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് അദ്ദേഹം.
1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കുള്ള കടന്നുവരവ്. തുടർന്ന് 7,000ലധികം വേദികളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. നാടകത്തിന് പുറമെ സിനിമകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. നായകൻ, പളുങ്ക്, കാഴ്ച, അമൃതം, മധുചന്ദ്രലേഖ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
2007ൽ കൊല്ലം അരീനയുടെ ആരും ‘കൊതിക്കാത്ത മണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. മലയോര ഗ്രാമങ്ങളിലെ കർഷകരുടെ ദുരിത ജീവിതമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. സാമൂഹ്യ പ്രവർത്തന രംഗങ്ങളിലും സജീവമായിരുന്നു എംസി കട്ടപ്പന. സംസ്‌കാരം നാളെ രാവിലെ 10ന് കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ നടക്കും.