samantha ruth to make malayalam debut
മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തെന്നിന്ത്യൻ താരസുന്ദരി സാമന്ത.നടനും സംവിധായകനുമായി ഗൗതം വാസുദേവന്റെ പുതിയ ചിത്രത്തിലാണ് സാമന്തയുടെ മലയാള അരങ്ങേറ്റം.മെ​ഗാസ്റ്റാർ മമ്മൂട്ടിയാണ് നായകൻ. അടുത്തിടെ ഒരു പരസ്യ ചിത്രത്തിൽ മമ്മൂട്ടിയും സാമന്തയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ഇരുവരും സ്ക്രീൻ പങ്കിട്ടതോടെ ഒരു സിനിമയ്‌ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇതിനിടയാണ് സിനിമ പ്രേമികൾക്ക് ആവേശമാകുന്ന വാർത്ത പുറത്തുവരുന്നത്.ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഈ മാസം 15-ന് ആരംഭിക്കും.
ചെന്നൈയിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിൽ ജൂൺ 20- ഓടെ മമ്മൂട്ടി ജോയിൻ ചെയ്യും. സാമന്തയുടെ മലയാള അരങ്ങേറ്റം എന്നതിലുപരി ഗൗതം വാസുദേവൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഒരുമിച്ച് പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് തൊട്ടുപിന്നാലെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത സന്തോഷം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, കാതൽ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്‌ത്തിയും താരം രംഗത്ത് വന്നിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ഒരു ചിത്രം സംഭവിക്കാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. നവീൻ ഭാസ്കർ രചന നിർവഹിക്കുന്ന ചിത്രം ത്രില്ലർ ജോണറിൽ പെടുന്നതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
