വിലക്കുള്ള സമയത്ത് സിബിഐയിലേക്ക് തിലകനെ  വിളിച്ചത് മമ്മൂട്ടിയെന്ന് എസ്.എൻ. സ്വാമി

മമ്മൂട്ടി എന്ന മനുഷ്യന്റെ മനസ്സും സ്വഭാവവും എന്റത്രയും ആർക്കും അറിവുണ്ടാകില്ല. ഞാൻ അദ്ദേഹത്തിനൊപ്പം നാൽപതിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ളതാണ്. എന്തുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്.

author-image
Anagha Rajeev
New Update
mammootty sn swami
Listen to this article
0.75x 1x 1.5x
00:00 / 00:00

മമ്മൂട്ടിയെക്കുറിച്ച്  സമൂഹമാധ്യമങ്ങളിൽ വരുന്ന ചർച്ചകൾക്കെതിരെ പ്രതികരിച്ച് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി. നാൽപതിലധികം സിനിമകൾ മമ്മൂട്ടിയോടൊപ്പം ചെയ്തിട്ടുള്ള തനിക്ക് മമ്മൂട്ടിയുടെ സ്വഭാവം വ്യക്തമായി അറിയാമെന്നും ‘നേരറിയാൻ സിബിഐ’ എന്ന തന്റെ സിനിമയിൽ കാപ്ര എന്ന കഥാപാത്രമായി തിലകനെ വിളിക്കണമെന്ന് പറഞ്ഞത് മമ്മൂട്ടി ആണെന്നും എസ്.എൻ. സ്വാമി പറഞ്ഞു. തിലകന് സിനിമയിൽ വിലക്കുള്ള സമയമായതിനാൽ തനിക്കും കെ. മധുവിനും അദ്ദേഹത്തെ വിളിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ തിലകൻ ആ കഥാപാത്രം ചെയ്യണമെന്ന് മമ്മൂട്ടി പറയുകയും താൻ തന്നെ വിളിക്കാം എന്ന് പറയുകയും ചെയ്‌തെന്ന് എസ് എൻ സ്വാമി പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കേട്ട് വേദന തോന്നിയതുകൊണ്ടാണ് ‌അറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് സ്വാമി കൂട്ടിചേർത്തു.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് മുതൽ വാർത്തകൾ സോഷ്യൽ മീഡിയയിലും പത്രമാധ്യമങ്ങളിലും കാണുന്നുണ്ട്.  റിപ്പോർട്ട് വന്നതിനു ശേഷം പലരും തോന്നിയതുപോലെയും മനസ്സിന്റെ താൽപര്യമനുസരിച്ചും സോഷ്യൽ മീഡിയയിൽ പല കഥകൾ പറയുന്നുണ്ട്. അതിൽ ഞാൻ ശ്രദ്ധിച്ച കാര്യം മമ്മൂട്ടിയെക്കുറിച്ച് വന്ന ചില ന്യൂസുകളാണ്. മമ്മൂട്ടി തിലകനെതിരെ പ്രവർത്തിച്ചു എന്നും അദ്ദേഹത്തെ വർക്ക് ചെയ്യാൻ അനുവദിച്ചില്ല എന്നും പലരും പറയാതെ പറയുന്നത് കേട്ടു. പക്ഷേ മമ്മൂട്ടിയെക്കുറിച്ചു വരുന്ന ആ കഥകളൊന്നും ശരിയല്ല എന്ന് നന്നായി അറിയുന്ന ആളാണ് ഞാൻ. മമ്മൂട്ടി എന്ന മനുഷ്യന്റെ മനസ്സും സ്വഭാവവും എന്റത്രയും ആർക്കും അറിവുണ്ടാകില്ല. ഞാൻ അദ്ദേഹത്തിനൊപ്പം നാൽപതിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ളതാണ്. എന്തുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്.

നേരറിയാൻ സി ബി ഐ എന്ന എന്റെ പടത്തിന്റെ കഥ ചർച്ച ചെയ്തുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ സീൻ ബൈ സീൻ ആയി വായിച്ചുകൊണ്ടിരിക്കുകയാണ്.  ഞാനും മമ്മൂട്ടിയും ‌ഒരുമിച്ചിരുന്നാണ് സീൻ വായിക്കുക.‌ എനിക്ക് അറിയാത്ത പല പോയിന്റും ഞാൻ പുള്ളിയോട് ചോദിക്കും പുള്ളി പറഞ്ഞു തരും. ആ സിനിമയിൽ കാപ്ര എന്നൊരു കഥാപാത്രമുണ്ട്. അത് തിലകൻ ആണ് ചെയ്തത്.  തിലകന് ആ സമയത്ത് വിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ വിളിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോയെന്നും ആ കഥാപാത്രത്തിനോട് സാമ്യമുള്ള ഒന്നാണ് മണിച്ചിത്രത്താഴിലെതെന്നും ഉള്ളതു കൊണ്ട് ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു. പക്ഷേ കഥ വായിച്ചു കഴിഞ്ഞ് മമ്മൂട്ടി ആദ്യം പറഞ്ഞത് ഈ കഥാപാത്രത്തെ തിലകൻ തന്നെ അവതരിപ്പിക്കണമെന്ന്. ആരും പറഞ്ഞില്ലെങ്കിൽ ഞാൻ വിളിച്ചു പറയാം എന്ന് അദ്ദേഹമാണ് പറഞ്ഞു. അങ്ങനെ പറയുന്ന ഒരാളാണ് മമ്മൂട്ടി.  ആ മമ്മൂട്ടി തിലകനെ ഒഴിവാക്കാൻ പറഞ്ഞു എന്നൊക്കെ പറയുന്നത് എന്ത് വാസ്തവ വിരുദ്ധമാണ്.’ സ്വാമി പറ‍ഞ്ഞു. 

മമ്മൂട്ടി പ്രഫഷനൽ ആയ ഒരു കലാകാരനാണ്. അദ്ദേഹം ഒരാളെ വേണ്ട എന്ന് പറയുമെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഇത്രയും സിനിമയിൽ പ്രവർത്തിച്ചിട്ട് ഒരാളെപ്പോലും മമ്മൂട്ടി മാറ്റിനിർത്തിയതായി എനിക്ക് അറിയില്ല. ഒരുപക്ഷെ ആ കഥാപാത്രത്തിന് ഒരു താരം ശരിയാകില്ലെങ്കിൽ ചിലപ്പോൾ അങ്ങനെ ചിന്തിച്ചേക്കാം എന്നല്ലാതെ വ്യക്തിപരമായ വിരോധം കൊണ്ട് ചെയ്തിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടില്ല. ഇത് എനിക്ക് നേരിട്ട് അറിയുന്ന കാര്യമാണ്. ഞങ്ങൾക്ക് മടി ഉണ്ടായിട്ട് പോലും നേരറിയാൻ സിബിഐയിൽ തിലകനെ മമ്മൂട്ടി വിളിച്ചു. മമ്മൂട്ടി പറഞ്ഞത് ഈ കഥാപാത്രം നന്നാകണമെങ്കിൽ തിലകൻ തന്നെ ചെയ്തേ പറ്റൂ എന്നാണ്.

പല സെറ്റുകളിലും ഞാൻ  കണ്ടിട്ടുണ്ട് അവർ രണ്ടുപേരും വളരെ സ്നേഹത്തോടെ സംസാരിക്കുന്നത്. ഇങ്ങനെയുള്ള ഒരാളെക്കുറിച്ച് ഇത്രയ്ക്ക് മോശമായി വ്യാജവാർത്തകൾ ഉണ്ടാക്കി വിടുന്നത് ആരാണെന്ന് അറിയില്ല.    മമ്മൂട്ടി ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറഞ്ഞു പരത്തിയാൽ എങ്ങനെയാണ് സഹിക്കുക. ഞാൻ ദൃക്‌സാക്ഷി ആയ കാര്യമാണ് ഞാൻ പറയുന്നത് അല്ലാതെ സങ്കൽപിച്ചു പറയുന്നതല്ല. ആൾക്കാർക്ക് ന്യൂസ് വാല്യൂവിനു വേണ്ടിയായിരിക്കും ഓരോ വാർത്തകൾ ഉണ്ടാക്കി വിടുന്നത്.  പക്ഷെ നമുക്ക് അറിയാവുന്ന സത്യം പറയാൻ മടിക്കരുത് എന്നാണ് എന്റെ പക്ഷം.’ സ്വാമി പറഞ്ഞു.  

 

Tilakan SN swami hema committee report mammootty