ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആരും പ്രതീക്ഷിക്കാതിരുന്ന ട്വിസ്റ്റായിരുന്നു സുരേഷ് ഗോപിയുടെത്. തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭാ എംപിയായുള്ള സുരേഷ് ഗോപിയുടെ ഈ വിജയം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. പ്രത്യേകിച്ച് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച സുരേഷ് ഗോപിക്ക് ഏറെ നാളുകൾക്ക് മുൻപ് സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ മമ്മൂട്ടി നൽകിയ ഉപദേശം ചർച്ചയാവുകയാണ്. ഒരു അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്. 'തിരഞ്ഞെടുപ്പിൽ ജയിച്ചാൽ നിങ്ങൾക്ക് ശരിയായി ജീവിക്കാൻ കഴിയില്ല, വലിയ ബാധ്യതയില്ലാത്തതിനാൽ രാജ്യസഭാ എംപിയായിരുന്നപ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കഴിയുമെന്ന പൂർണ വിശ്വാസമുണ്ടെങ്കിൽ മാത്രമേ ഈ തീരുമാനവുമായി മുന്നോട്ട് പോകാവൂ. എന്നാൽ ജനങ്ങളുടെ വോട്ടിൽ നിങ്ങൾ വിജയിച്ചാൽ എല്ലാവരും നിങ്ങളുടെ പിന്നാലെ തന്നെയുണ്ടാകും' എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ആ വെല്ലുവിളി താൻ ഏറ്റെടുക്കുകയാണെന്ന് മമ്മൂട്ടിയോട് പറഞ്ഞു 'എങ്കിൽ അത് അങ്ങനെയാവട്ടെ' എന്ന് മമ്മൂട്ടി മറുപടി നൽകി എന്നും സുരേഷ് ഗോപി പറഞ്ഞു. ആശയപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ട് എങ്കിലും സൗഹൃദവും പരസ്പര ബഹുമാനവും എന്നും കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. മനസിലാക്കാന്‍ കഠിനമാണെങ്കിലും ലളിതമായ ഒരു മനുഷ്യനാണ് എന്നാണ് മമ്മൂട്ടിയെ കുറിച്ച് സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്.