തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുൻപ് ലൂർദ് മാതാവിന് സ്വർണ കിരീടവും സമർപ്പിച്ചിരുന്നു. ദേവാലയത്തിൽ ഭക്തിഗാനം ആലപിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.
'നന്ദിയാൽ പാടുന്നു ദൈവമേ' എന്ന ഭക്തിഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദർശിച്ച ശേഷമാണ് സുരേഷ് ഗോപി ലൂർദ് മാതാവിന് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലൂർദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വർണം സമർപ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
സ്വർണ കിരീടം സമ്മാനിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം സുരേഷ് ഗോപി വ്യാപക വിമർശനം നേരിട്ടിരുന്നു. കിരീടത്തിന്റെ തൂക്കം ഉൾപ്പെടെയുള്ള കാര്യങ്ങളും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതി വിജയമാണ് സുരേഷ് ഗോപി നേടിയത്. എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. വിജയത്തിന് പിന്നാലെ കേന്ദ്ര സഹമന്ത്രി സ്ഥാനവും സുരേഷ് ഗോപിയെ തേടിയെത്തി.