ചെന്നൈ: തമിഴ് സിനിമാ നിർമാതാവും നടനുമായ മോഹൻ നടരാജൻ (71) അന്തരിച്ചു. ചെന്നൈ സാലിഗ്രാമിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
തമിഴ് സിനിമാ രംഗത്തെ മുതിർന്ന നിർമാതാക്കളിലൊരാളാണ് മോഹൻ നടരാജൻ. വിജയ് നായകനായ കണ്ണുക്കുൾ നിലവ്, വിക്രം അഭിനയിച്ച ദൈവ തിരുമകൾ, അജിത്തിന്റെ ആൾവാർ, സൂര്യയുടെ വേൽ തുടങ്ങിയ സിനിമകൾ മോഹൻ നിർമ്മിച്ചതാണ്.
നിർമാണം കൂടാതെ, നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. നമ്മ അണ്ണാച്ചി, സക്കരൈതേവൻ, കോട്ടൈ വാസൽ, പുതൽവൻ, അരമനൈ കാവലൻ, മഹാനദി, പട്ടിയാൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1986 ൽ പൂക്കളെ പറിക്കാതീർഗൾ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് മോഹൻ നടരാജൻ സിനിമാ രംഗത്ത് പ്രവേശിക്കുന്നത്.