team thandel special birthday video of sai pallavi
പ്രേക്ഷകരുടെ പ്രിയതാരം സായി പല്ലവിയുടെ ജന്മദിനത്തിൽ ടീം 'തണ്ടേൽ' അതിഗംഭീര മാഷപ്പ് വീഡിയോ പുറത്തുവിട്ടു. സായി പല്ലവിയുടെ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന സീനുകൾ ചേർത്തുവെച്ച് തയ്യാറാക്കിയ വീഡിയോയിലൂടെ താരത്തിന്റെ 'തണ്ടേൽ'ലെ കഥാപാത്രമായ 'ബുജ്ജി തല്ലെ'(സത്യ)യെ പ്രേക്ഷകർക്കായ് പരിചയപ്പെടുത്തിയിട്ടുണ്ട്.
ആക്ഷൻ പറഞ്ഞ ശേഷം സായി പല്ലവിയുടെ അഭിനയവും കട്ട് പറഞ്ഞതിന് ശേഷമുള്ള താരത്തിന്റെ രസകരമായ ഭാവപ്രകടനങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ വീഡിയോയുടെ അവസാനത്തിൽ നാഗ ചൈതന്യയും സായി പല്ലവിയും തമ്മിലുള്ള മനോഹര നിമിഷങ്ങൾ കാണാം. ഈ പിറന്നാൾ സ്പെഷ്യൽ വീഡിയോയിലൂടെ ടീം 'തണ്ടേൽ' പുതിയൊരു സായി പല്ലവിയെയാണ് പരിചയപ്പെടുത്തുന്നത്.
യുവ സാമ്രാട്ട് നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'തണ്ടേൽ'. ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസു നിർമ്മിക്കുന്ന ഈ ചിത്രം അല്ലു അരവിന്ദാണ് അവതരിപ്പിക്കുന്നത്.
മികച്ചൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. പ്രണയം പശ്ചാത്തലമാക്കി ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രണയകഥ എന്നതിലുപരി മറ്റ് ചില വശങ്ങൾ കൂടി സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ മ്യൂസിക്കൽ പ്രൊമോഷനുകൾ ഉടൻ ആരംഭിക്കും.
'ലവ് സ്റ്റോറി'ക്ക് ശേഷം സായി പല്ലവിയും നാഗ ചൈതന്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'തണ്ടേൽ'. മത്സ്യ തൊഴിലാളിയുടെ വേഷത്തിൽ പരുക്കൻ ഭാവത്തോടുകൂടി നാഗ ചൈതന്യ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകശ്രദ്ധ ആകർഷിച്ചുരുന്നു.ഛായാഗ്രഹണം: ഷാംദത്ത്, സംഗീതം: ദേവി ശ്രീ പ്രസാദ്, കലാസംവിധാനം: ശ്രീനാഗേന്ദ്ര തങ്കാല, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.