‘ടർബോ’ സിനിമയ്ക്കെതിരെ നെഗറ്റിവ് റിവ്യു പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെ മമ്മൂട്ടി കമ്പനി പകർപ്പവകാശ ലംഘനവുമായിയെത്തി. യൂട്യൂബ് റിവ്യുവിന്റെ തമ്പ്നെയ്‌ലിൽ വ്ലോഗർ ഉപയോഗിച്ചിരുന്നത് ‘ടർബോ’ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു. ഇതിനെതിരെയാണ് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി മമ്മൂട്ടി കമ്പനിയെത്തിയത്. ഇതോടെ നെഗറ്റിവ് റിവ്യു നീക്കം ചെയ്ത് വ്ലോഗന്മാർ തടിതപ്പി. അതിനുശേഷം തമ്പ് നെയ്‌ൽ മാറ്റിയ അതേ റിവ്യു വിഡിയോ തന്നെ വ്ലോഗർ വീണ്ടും അപ്‌ലോഡ് ചെയ്യുകയായിരുന്നു.
പ്രേക്ഷകർ ഉൾപ്പടെ നിരവധിപ്പേരാണ് സംഭവത്തിൽ വ്ലോഗർക്കെതിരെ രംഗത്തെത്തിയത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമയ്ക്കെതിരെയുള്ള ഇത്തരം നിരൂപണങ്ങളെ തള്ളിക്കളയണമെന്നും നിയമനടപടി ഉണ്ടാകണമെന്നുമാണ് സിനിമാ രംഗത്തുനിന്നുള്ളവർ പറയുന്നത്.
കോടികൾ മുടക്കിയും ചെറിയ ബജറ്റിലും സിനിമ നിർമിക്കുന്ന നിർമാതാക്കൾക്ക് ഇത്തരം വിഡിയോകൾ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സിനിമ പുറത്തിറങ്ങി ഒരാഴ്ച പോലും കാത്തുനിൽക്കാതെ റിലീസ് ദിവസം തന്നെ നെഗറ്റിവ് റിവ്യു അപ്‌ലോഡ് ചെയ്യുന്നത് മലയാള സിനിമാ ഇൻഡസ്ട്രിക്കും ദോഷമാണുണ്ടാക്കുക.
ഇതേ വ്ലോഗർക്കെതിരെയാണ് നേരത്തെ നിയമനടപടിയുമായി നിർമാതാവ് സിയാദ് കോക്കർ രംഗത്തുവന്നത്. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന സിനിമയ്ക്കെതിരെ മോശം റിവ്യു പറഞ്ഞതിന്റെ പേരിലായിരുന്നു സിയാദ് കോക്കർ നിയമനടപടി സ്വീകരിച്ചത്. തുടർന്ന് റിവ്യു വിഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു. അത്യന്തം മോശമായ രീതിയിലായിരുന്നു മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയ്ക്കെതിരായ അശ്വന്ത് കോക്കിന്റെ റിവ്യൂ. തുടർന്ന് റിവ്യൂ വിഡിയോ അശ്വന്ത് കോക്ക് ഓൺലൈനിൽ നിന്നും നീക്കം ചെയ്തിരുന്നു.
റിവ്യു ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ പരാതി നിൽക്കവെയാണ് സിയാദ് കോക്കർ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ്​ സിനിമകളെ തകർക്കുന്നുവെന്ന്​ ആരോപിച്ച് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകൻ മുബീൻ റഊഫ് ഹർജി സമർപ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
