vijay antony movie mazhai pidikadha manidhan teaser is out
വിജയ് ആൻറണി നായകനാവുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'മഴൈ പിടിക്കാത്ത മനിതൻ'.വിജയ് മിൽട്ടൺ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും.ഇപ്പോഴിതാ ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.1.23 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തെത്തിയിരിക്കുന്നത്.ശരത് കുമാർ, സത്യരാജ്, മേഘ ആകാശ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കന്നഡ സിനിമയിലെ രണ്ട് ശ്രദ്ധേയ താരങ്ങളുടെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ധനഞ്ജയയും പൃഥ്വി അമ്പാറുമാണ് അത്. ശരണ്യ പൊൻവണ്ണൻ, മുരളി ശർമ്മ, തലൈവാസൽ വിജയ്, സുരേന്ദർ താക്കൂർ, പ്രണിതി, രമണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ക്യാപ്റ്റൻ വിജയകാന്തിനുള്ള ആദരമാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
2021 ൽ ഈ ചിത്രം ആരംഭിക്കുമ്പോൾ വിജയകാന്ത് സാറിനെ അഭിനയിപ്പിക്കണമെന്നായിരുന്നു ഞങ്ങൾക്ക്. അതിനായി ശ്രമിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിൻറെ അനാരോഗ്യം കാരണം അത് സാധിച്ചില്ല. അദ്ദേഹത്തിൻറെ മരണശേഷം എഐ ടെക്നോളജി വഴിയെങ്കിലും അദ്ദേഹത്തെ സ്ക്രീനിൽ എത്തിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അദ്ദേഹം ഈ സിനിമയിൽ വേണമെന്ന് അത്രയ്ക്കുമുണ്ടായിരുന്നു ഞങ്ങൾക്ക്. പക്ഷേ ചില പ്രശ്നങ്ങൾ കാരണം അത് നടന്നില്ല. അതിനാൽ സത്യരാജ് സാറിനെ ആ റോളിലേക്ക് കാസ്റ്റ് ചെയ്തു, നിർമ്മാതാവ് ധനഞ്ജയൻ പറഞ്ഞിരുന്നു.
ദാമൻ- ദിയുവിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഒരു തമിഴ് സിനിമ ആദ്യമായാണ് ഇവിടെ ചിത്രീകരിച്ചത്. സംവിധായകൻ വിജയ് മിൽട്ടൺ തന്നെയാണ് ചിത്രത്തിൻറെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം അച്ചു രാജാമണി, വിജയ് ആൻറണി, എഡിറ്റിംഗ് കെ എൽ പ്രവീൺ.