മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന തിക്താനുഭവങ്ങളുടെ തുറന്നു പറച്ചിൽ നടക്കുന്ന കാലഘട്ടമാണ്. അനേകം പേരുകൾ ഇതിനോടകം പൊതുവിടത്തിൽ ചർച്ച ചെയ്യപ്പെട്ടു, തുടർനടപടികൾ നേരിടുകയാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് മലയാള സിനിമാ രംഗത്ത് ഇത്തരത്തിൽ വലിയ മാറ്റം സംഭവിക്കുന്നത്.
എന്നാൽ ഇത് വരെ നടന്നത് മദ്ധ്യനിരതാരങ്ങൾക്കെതിരെ സിനിമയിലെ ദുർബലരായ ഒരു കൂട്ടം ആളുകൾ നടത്തിയ തുറന്നു പറച്ചിലാണ് എന്നും മുകൾ തട്ടിൽ ഉള്ളവർ, വലിയ താരങ്ങൾ, ഇതിൽ നിന്നും 'ഇൻസുലേറ്റഡ്' ആയി തന്നെ നിലകൊള്ളുന്നു എന്നും ഗായികയും ശബ്ദകലാകാരിയുമായ ചിന്മയി ശ്രീപാദ. തമിഴിലെ 'മീടൂ' മൂവ്മെന്റിലെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് ചിന്മയി.
"ഇൻഡസ്ട്രിയിലെ ഏറ്റവും ദുർബലരായവർ മധ്യനിരയ്‌ക്കെതിരെ മുന്നോട്ട് വരുന്നു. ഇതാണ് എപ്പോഴത്തെയും പാറ്റേൺ. സെറ്റിൽ നിന്ന് ഏത് സ്ത്രീയെയും പിക്കപ്പ് ചെയ്യാൻ കഴിയുന്ന സൂപ്പർസ്റ്റാർ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? മുകൾതട്ടിൽ ഉള്ളവരും കുറ്റക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അവർ ഇൻസുലേറ്റ് ചെയ്യപ്പെടുന്നുണ്ട് - വേദനാജനകവും ട്രോമാറ്റിക്കുമായ ഈ പ്രക്രിയയിലൂടെ ലോവർ, മിഡിൽ റംഗ് അംഗങ്ങൾ നിരന്തരം കടന്നു പോകുന്നു. തമിഴിൽ ഒരു വലിയ താരത്തെക്കുറിച്ച് അഭിനേതാക്കൾ തുറന്നു പറഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ആരോപണങ്ങൾ ഉടൻ പിൻവലിക്കപ്പെട്ടു. അത്തരം പേരുകൾ എല്ലാ ഇൻഡസ്ട്രികളിലും ഉണ്ട്.
എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും, ഇതിനെ എതിർത്ത് നിൽക്കേണ്ട സിനിമയിലെ ഇൻഡസ്ട്രി ബോഡീസ് വലിയ പരാജയമായി തീരുകയാണ് എന്നും ചിന്മയി പറഞ്ഞു. കേരളത്തിന്റെ കാര്യത്തിൽ, സ്ത്രീകൾ ഒരുമിച്ചു നിൽക്കുന്നു എന്നതിനെ താൻ അഭിനന്ദിക്കുന്നുവെന്നും ചിന്മയി കൂട്ടിച്ചേർത്തു.
“വിമൻ ഇൻ സിനിമാ കളക്ടീവ് അംഗങ്ങളാണ് എന്റെ ഹീറോകൾ; അവർ ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു, ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിൽ അത്തരത്തിലുള്ള പിന്തുണ ലഭിക്കാൻ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
സിസ്റ്റത്തെ കൂടുതൽ ശാക്തീകരിക്കാൻ ഡബ്ല്യുസിസിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. മലയാളത്തിലെ സ്ത്രീകൾ കേരളത്തിലെ പുരുഷന്മാരുടെ പേര് പറയുമ്പോൾ ഓർക്കേണ്ട കാര്യം, മലയാളത്തിലെ നടിമാർ മറ്റ് ഭാഷകളിൽ, പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളതാണ്. ഡബ്ല്യുസിസി മറ്റ് സംസ്ഥാനങ്ങളെ ശാക്തീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഒരു കൂട്ടം സ്ത്രീകൾ എത്ര മാത്രം ജോലി ചെയ്യും?”
ആരെയെങ്കിലും പീഡിപ്പിക്കാനുള്ള ഒരു അവസരം പോലും താൻ നഷ്ടപ്പെടുത്തില്ലെന്ന് ഒരു മുതിർന്ന നടൻ തന്നോട് തമാശ മട്ടിൽ പറഞ്ഞതും അവർ ഓർത്തെടുത്തു.
"എന്നാൽ ഈ സംഭവങ്ങൾക്കപ്പുറമുള്ള പറയാത്ത കഥ ലൈംഗികാതിക്രമങ്ങളുടെ ആഘാതമാണ് - അവ നമ്മുടെ ശരീരത്തെ എങ്ങനെ നശിപ്പിക്കുന്നു, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ പോലും പുരുഷന്മാരുമായുള്ള അടുപ്പത്തിന്റെ സാധ്യതകൾ നശിപ്പിക്കുന്നു. വിവാഹത്തിലോ ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയിലോ പോലും വരുന്ന അനിയന്ത്രിതമായ മസിൽ കോൺട്രാക്ഷൻ ഉൾപ്പെടെയുള്ള ട്രോമാ പ്രതികരണങ്ങൾ, വളരെക്കാലം നീണ്ടു നിൽക്കുന്ന പ്രതികരണങ്ങൾ മറ്റു ശാരീരിക പ്രതികരണങ്ങൾ, ഭയം - ഏത് ദിശയിൽ നിന്നാണ്, ആരിൽ നിന്നാണ്, അടുത്ത ആക്രമണം വരുമെന്ന ചിന്തി - ഒരു ആജീവനാന്ത ശാപമാണ്," അവർ പറഞ്ഞു.