വി.സി. അഭിലാഷിന്റെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ

'നിങ്ങളെന്തിന് ഇത് കാണാന്‍ തയ്യാറായി ?' 'തീയറ്ററില്‍ വിജയിച്ചില്ലേ?' എന്നീ ചോദ്യങ്ങള്‍ക്കപ്പുറം, എന്നിലെ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യല്‍ ക്രൈമുമാണ് ഈ പ്രോഡക്ട്.

author-image
Biju
New Update
gjkj

ഉണ്ണിമുകുന്ദന്റെ മാളികപ്പുറം വളരെ പ്രേക്ഷസ്വീകാര്യത നേടിയ സിനിമയായിരുന്നു. വമ്പന്‍ ഹിറ്റടിച്ച ഈ സിനിമയ്ക്ക് പിന്നാലെ ട്രോളുകളും വിവാദങ്ങളും ഒക്കെ വിമര്‍ശകര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അതിന് ശേ,ം വന്ന ഉണ്ണിയുടെ മാര്‍ക്കോ ചില്ലറയൊന്നുമല്ല വിമര്‍ശനം കേട്ടത്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഒരു പരിധിവരെ സിനിമയുടെ സ്വാധീനം ഉണ്ടെന്ന് ചില മന്ത്രിമാര്‍ക്ക് വരെ പരാമര്‍ശം ഉന്നയിക്കേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ മാര്‍ക്കോ ഒരു വില്ലനായിരുന്നോയെന്ന ചോദ്യവും സിനിമയെ സിനിമയായി കണ്ടാല്‍ പോരെയെന്ന ചോദ്യവും ഉയരുന്നുണ്ട്. 

അതിനിടെയാണ് മാര്‍ക്കോ സിനിമയെ വിമര്‍ശിച്ച് സംവിധായകന്‍ വി സി അഭിലാഷ് രംഗത്തെത്തിയിരിക്കുന്നത്. മാര്‍ക്കോയിലേത് പോലുളള പൈശാചിക രംഗങ്ങള്‍ ഒരു കൊറിയന്‍ സിനിമയിലും കണ്ടിട്ടില്ലെന്നും ഇതു പോലൊരു സാമൂഹ്യവിരുദ്ധ സൃഷ്ടി ഉണ്ടാക്കിയ ആളുകളുടെ മനോനില പരിശോധിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുകയുണ്ടായി.

വി.സി. അഭിലാഷിന്റെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്...

'മാര്‍ക്കോ' തീയറ്ററില്‍ ഇടവേള സമയം വരെ മാത്രമാണ് കണ്ടത്. ''ഈ പറയുന്നത് പോലുള്ള വയലന്‍സൊന്നും അതിലില്ലെ''ന്ന് ഒരു സുഹൃത്ത് പറയുന്നത് കേട്ട് ഇന്നലെ ബാക്കി കൂടി കാണാനിരുന്നു.

ഈ സാമൂഹിക വിരുദ്ധ സൃഷ്ടി ഉണ്ടാക്കിയവരും ഇതിനെ വാഴ്ത്തിയവരും സ്വയമൊന്ന് മനോനില പരിശോധിക്കുന്നത് നന്നായിരിക്കും എന്നൊരഭ്യര്‍ത്ഥനയുണ്ട്.

'നിങ്ങളെന്തിന് ഇത് കാണാന്‍ തയ്യാറായി ?' 'തീയറ്ററില്‍ വിജയിച്ചില്ലേ?' എന്നീ ചോദ്യങ്ങള്‍ക്കപ്പുറം, എന്നിലെ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യല്‍ ക്രൈമുമാണ് ഈ പ്രോഡക്ട്.

ഇത്രയും പൈശാചികമായ / മനുഷ്യത്യ രഹിതമായ ആവിഷ്‌ക്കാരം ഞാനൊരു കൊറിയന്‍ സിനിമയിലും കണ്ടിട്ടില്ല..!

ഒരു കൊച്ചുകുട്ടിയുടെ തല

ഗ്യാസ് സിലിണ്ടറുപയോഗിച്ച് ഇടിച്ച് പരത്തി പേസ്റ്റ് പരുവത്തിലാക്കി മാറ്റുന്നത് കാണേണ്ടി വന്നു എനിക്ക്..!

ഒരു ഗര്‍ഭിണിയുടെ വയറിനകത്ത് നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ കീറി വലിച്ചെടുത്ത് അലറുന്നതും കാണേണ്ടിവന്നു എനിക്ക്..!

ഇതൊക്കെ ഈ സൊസൈറ്റിയില്‍ സര്‍വ്വസാധാരണമെന്ന് വാദിച്ചാല്‍ പോലും മാര്‍ക്കോ ഉത്പാദിപ്പിക്കുന്ന ഒരേയൊരു റിസള്‍ട്ട് സാഡിസം മാത്രമാണ്.

പരിശുദ്ധിയുടെ പുനരവതരണം മാത്രമായിരിക്കണം സിനിമ എന്നൊരു വാദം എന്നിലെ ഫിലിം മേക്കര്‍ക്കും പ്രേക്ഷകനുമില്ല. ക്രൈം- ത്രില്ലര്‍ സിനിമകള്‍ എന്റെയും ഇഷ്ടമാണ്, സ്വപ്‌നമാണ്.

എന്നാല്‍ മാര്‍ക്കോ പോലെയുള്ള സൃഷ്ടികള്‍ കാരണം സെന്‍സര്‍ ബോര്‍ഡിന്റെ 'ഇടപെടല്‍' ഇപ്പോളുള്ളതിനേക്കാള്‍ കൂടും.

സിനിമകളുടെ കഥാഗതിയില്‍ ഉണ്ടാവുന്ന സ്വാഭാവിക ക്രൈം സീനുകള്‍ പോലും നാളെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാവും.

കാലം കുറേ കഴിയുമ്പോള്‍ ഇപ്പൊ

ഇത് പടച്ച് വിട്ടവര്‍ കുറ്റബോധവിവശരായി ഏതെങ്കിലും അഭിമുഖങ്ങളില്‍ വന്നിരുന്ന് 'വേണ്ടിയിരുന്നില്ല' എന്ന് പരവശപ്പെടുമായിരിക്കും.

അപ്പോഴേക്കും നാട്ടിലെ സകല കൊള്ളരുതായ്മകളുടേയും കാരണം സിനിമയാണെന്ന അടിസ്ഥാനരഹിത വ്യാഖ്യാനത്തിന് ആര്‍ട്ടെന്ന ലേബലൊട്ടിച്ച ഈ വിഷസന്തതി ഊര്‍ജം നല്‍കി കഴിഞ്ഞിരിക്കും!

ശരിയാണ്, പാശ്ചാത്യ സ്ലാഷര്‍/ബ്രൂട്ടാലിറ്റി പ്രമോട്ട് ചെയ്യപ്പെടുന്ന സിനിമകളും ഇന്ന് നമ്മുടെ കൈവള്ളയിലുണ്ട്. എന്ന് കരുതി അതിനെ പിന്തുടരുന്നതല്ല നമ്മുടെ കല. നാളെയൊരുത്തന്‍ പീഡോഫീലിയയെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സിനിമയെടുത്താല്‍ അതും കല എന്ന് പറഞ്ഞ് വ്യാഖ്യാനിക്കാനും പ്രദര്‍ശനാനുമതി കൊടുക്കാനും നമുക്കാവുമോ?

പൊതു സമൂഹവും സിനിമാ ഫ്രട്ടേണിറ്റിയും ഒന്നടങ്കം

ഈ വിഷ സര്‍പ്പത്തെ തള്ളിപ്പറയുകയാണ് വേണ്ടത്.

പിന്‍കുറിപ്പ്: സിനിമാക്കാരനായ ശേഷം ഇതാദ്യമായാണ് 'സിനിമ'യെന്ന പേരിലിറങ്ങിയ ഒന്നിനെ കുറിച്ച് നെഗറ്റീവായെന്തെങ്കിലും ഞാന്‍ പറയുന്നത്. 'ഈ പറയുന്നത് പോലുള്ള വയലന്‍സൊന്നും അതിലില്ലെ'ന്ന് സാക്ഷ്യപ്പെടുത്തി, രണ്ടാം പകുതി കാണാന്‍ എന്നെ പ്രേരിപ്പിച്ച സുഹൃത്തും ആദ്യപകുതി വരെ മാത്രമേ ഈ 'ഐറ്റം' കണ്ടിട്ടുള്ളൂ എന്ന് ഇന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്!.

എന്തായാലും അഭിലാഷിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ വന്ന് നിറയുകയാണ്. കുറ്റം പറയാന്‍ വലിയ കഴിവൊന്നും വേണ്ടെന്നാണ് ഹൈലൈറ്റായി വന്നിരിക്കുന്നത്.

 

marco marco movie unni mukudhan