ആരാധകരുടെ കുത്തൊഴുക്കിലും കൂലിക്ക് രക്ഷയില്ല!

പ്രതീക്ഷകള്‍ക്ക് ഒത്ത് ഒരു തരത്തില്‍ പോലും ഉയരാന്‍ കഴിയാതെ പോയ ഒരു 'ഏഴാം കൂലി' മാത്രമായി ഒതുങ്ങിയിരിക്കുകയാണ് ലോകേഷ്-രജനി ചിത്രമെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.

author-image
Biju
New Update
cooki

കൊച്ചി: മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ലോകേഷിന്റെ സംവിധാനത്തില്‍ ആദ്യമായി തലൈവര്‍ രജനികാന്ത് നായകനായി ഒരു ചിത്രം, അത് മാത്രം മതിയായിരുന്നു ആരാധകര്‍ക്ക് കൂലി എന്ന ചിത്രത്തിലുള്ള പ്രതീക്ഷ വാനോളം ഉയത്താന്‍. നാഗാര്‍ജുന, ഉപേന്ദ്ര, ആമിര്‍ ഖാന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങിയ വന്‍ താര നിര കൂടി രജനിക്കൊപ്പം അണി നിരക്കുന്നുവെന്ന വാര്‍ത്ത കൂടി എത്തിയതോടെ കൈതിക്കും വിക്രത്തിനും മുകളില്‍ നില്‍ക്കുന്ന ഒരു ലോകേഷ് ചിത്രം, ജയിലറില്‍ കണ്ടതിനേക്കാള്‍ വലിയ രജനി വിളയാട്ടം സ്വപ്നം കണ്ടുകൊണ്ടാണ് പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തിയത്.

എന്നാല്‍ പ്രതീക്ഷകള്‍ക്ക് ഒത്ത് ഒരു തരത്തില്‍ പോലും ഉയരാന്‍ കഴിയാതെ പോയ ഒരു 'ഏഴാം കൂലി' മാത്രമായി ഒതുങ്ങിയിരിക്കുകയാണ് ലോകേഷ്-രജനി ചിത്രമെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. സമീപകാലത്ത് ഇറങ്ങിയ ജയിലര്‍ ഒഴികേയുള്ള രജനീ ചിത്രങ്ങളേക്കാളും മികച്ച് നില്‍ക്കുമെങ്കിലും ലോകേഷിന്റെ സംവിധാനത്തില്‍ പിറന്ന ഏറ്റവും മോശം സിനിമയാണ് കൂലിയെന്നും സിനിമ കണ്ട് പുറത്തിറങ്ങിയ ആളുകള്‍ വ്യക്തമാക്കുന്നു.

ലോകേഷിന്റെ സ്ഥിരം നമ്പറുകളില്‍ പലതും നനഞ്ഞ പടക്കമായപ്പോയെന്നാണ് ജിതിന്‍ എന്ന പ്രേക്ഷകന്‍ മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 'തന്റെതായ ഒരു കഥാപാശ്ചാത്തലം സെറ്റ് ചെയ്ത്, അതില്‍ ഒരുപാട് പ്രധാന കഥാപാത്രങ്ങളെ കൃത്യമായി പ്ലെയ്‌സ് ചെയ്ത്, സ്റ്റോറി ഡെവലപ്പ് ചെയ്ത്, മാസ്സും, മനസ്സ് നിറക്കുന്ന കഥാസന്ദര്‍ഭങ്ങളുമായി മുന്നോട്ട് പോകുന്ന ലോകേഷ് മാജിക്ക് ഇത്തവണ ഏറ്റില്ല എന്ന് തന്നെ പറയാം. പ്രധാന കാരണം കെട്ടുറപ്പില്ലാത്ത തിരക്കഥ തന്നെയാണ്. തന്റെ തന്നെ മുന്‍ ചിത്രങ്ങളെ അനുകരിക്കാനാണ് സംവിധായകന്‍ ശ്രമിച്ചത്, പക്ഷെ നമുക്ക് കിട്ടേണ്ട, മുന്‍പ് ചിത്രങ്ങളില്‍ കിട്ടിയ ആ ഒരു രോമാഞ്ചമൊന്നും തന്നെ ഇതില്‍ കിട്ടിയില്ല. പഴയ പാട്ട് പ്ലേ ചെയ്തുള്ള ഫൈറ്റ്, ഇന്റര്‍വെല്‍ പഞ്ച് തുടങ്ങിയ സ്ഥിരം നമ്പറുകള്‍ നനഞ്ഞ പടക്കമായപ്പോയെന്നാണ് അഭിപ്രായം.

അനിരുദ്ധ് ഒരു പരിധിവരെ നന്നായി തന്നെ ചെയ്തിട്ടുണ്ടെങ്കിലും ബിജിഎം എല്ലാം അത്ര മികച്ച വര്‍ക്ക് ആയിരുന്നില്ല. ഉപേന്ദ്ര & രജനി ഒരുമിച്ചുള്ള ഫൈറ്റ് നടക്കുമ്പോള്‍ ആരോചകമായ ഒരു ബിജിഎം ഇട്ട് വെറുപ്പിച്ചുകളഞ്ഞു. രജനികാന്ത് ചിലയിടത്തൊക്കെ നല്ല എനെര്‍ജറ്റിക്ക് പെര്‍ഫോമന്‍സ് ആയിരുന്നെങ്കിലും പലയിടത്തും നിര്‍വികാരനായും, ഒന്ന് തിരിഞ്ഞു പോലും നോക്കാന്‍ ബുദ്ധിമുട്ടുന്നതായും കാണപ്പെട്ടു.

സൗബിന്‍ നാഗാര്‍ജുന തുടങ്ങിയവരും കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലാത്ത തരം വേഷങ്ങളാണ് കൈകാര്യം ചെയ്തത്. തിരക്കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കാന്‍ വേണ്ടി ഫോഴ്സ്ഡ് ആയി തിരുകി കയറ്റിയ പ്ലോട്ട് ട്വിസ്റ്റുകള്‍ ഒന്നും തന്നെ വര്‍ക്ക് ഔട്ട് ആയില്ല. റോബോട്ടിക്ക് ക്യാമറ നന്നായി പണിയെടുത്തിട്ടും ഫൈറ്റുകളും അത്രകണ്ട് മികച്ചതായി തോന്നിയില്ല. ആമീര്‍ ഖാന്റെ അഥിതി വേഷവും കോമഡിയായിപ്പോയി. (എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍.). മൊത്തത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒന്നുമില്ലാത്ത തുടക്കം മുതല്‍ അവസാനം വരെ ഒരേ രീതിയില്‍ പോകുന്ന ശരാശരിയോ അതിന് താഴെയോ നില്‍ക്കുന്ന ഒരു സിനിമാ അനുഭവമായിരുന്നു കൂലി - എന്നും പ്രേക്ഷകര്‍ പറയുന്നു.

ശരാശരി അനുഭവം മാത്രം ലഭിച്ച സിനിമയാണ് എനിക്ക് കൂലിയെന്ന് ജസ്റ്റിന്‍ എന്ന പ്രേക്ഷകനും അഭിപ്രായപ്പെടുന്നു. തമിഴ് സിനിമയുടെ കണ്ടന്റുകളുടെ നട്ടെല്ലായ പാസം തന്നെയാണ് ഇതിലും. ആരോടൊക്കെയോ ഉള്ള പാസം. ആര്‍ക്കും ഒരു പരാതിയും വരാത്ത രീതിയില്‍ പാസം കൈമാറാന്‍ ലോകേഷിന് കഴിഞ്ഞിട്ടുണ്ട്. അത് മാത്രമേ കഴിഞ്ഞിട്ടും ഉള്ളൂ. പക്ഷേ അതൊന്നും ഇമോഷണലി കണക്റ്റ് ആകാന്‍ പറ്റുന്നത് ആയിരുന്നില്ല.

എല്ലാ സിനിമകളിലും എന്നപോലെ ഈ സിനിമയിലും വിഎഫ്എക്‌സിന് പ്രാധാന്യം ഉണ്ട്. മറ്റു സിനിമകള്‍ പോലെ തന്നെ ഇതിലും ശരാശരി മാത്രമായിരുന്നു വിഎഫ്എക്‌സും. സീന്‍ എത്ര മോശമാണെങ്കിലും അതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ആ സീനിനെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. അത് പലപ്പോഴും തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അനിരുദ്ധ്. ഇവിടെ അനിരുദ്ധും ലോകേഷും തമ്മില്‍ ഒരു മത്സരം ഉണ്ടായിരുന്നോ എന്ന് പോലും ഡൌട്ട് ഉണ്ട്, കൂടുതല്‍ മോശമാക്കുന്നത് ആര് എന്ന് നോക്കാന്‍.

രജനീകാന്തിന്റെയും, സൗബിന്റെയും, നാഗാര്‍ജുനയുടെയും പ്രകടനങ്ങള്‍ കൊള്ളാമായിരുന്നു. പിന്നെ ആമിര്‍ ഖാന്‍ ന്റെ സീനുകളില്‍ ഉള്ള ചെറിയ കോമഡികള്‍ എല്ലാം നന്നായിരുന്നു. കല്ല്യാണി എന്ന കഥാപാത്രം അവതരിപ്പിച്ച നടിയും മികച്ചതായിരുന്നു. ആകെ മൊത്തം ഒരു തവണ കാണാവുന്ന പുതുമയൊന്നും അനുഭവിക്കാനില്ലാത്ത ഒരു ശരാശരി സിനിമയാണ് കൂലിയെന്നാണ് അഭിപ്രായം.

Rajanikanth coolie