നടന്‍ അഭിനയ് അന്തരിച്ചു; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം

ദീര്‍ഘകാലമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം അവസാന നാളുകളില്‍ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു

author-image
Biju
New Update
abhinay

ചെന്നൈ : തമിഴ് സിനിമ താരം അഭിനയ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടത്തിയ നീണ്ട പോരാട്ടത്തിനൊടുവിലാണ് നടന്‍ വിടവാങ്ങിയത്. 44 വയസ്സായിരുന്നു. തുള്ളുവതോ ഇളമൈ എന്നെ തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയിരുന്നത്.

മലയാളത്തില്‍ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ കിഷോര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീര്‍ഘകാലമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം അവസാന നാളുകളില്‍ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു.

'ഞാന്‍ ഇനി അധികകാലം ഉണ്ടാവില്ലെന്നും ഒന്നരവര്‍ഷം മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്' എന്നും വ്യക്തമാക്കിക്കൊണ്ട് ഹാസ്യനടനായ കെപിവൈ ബാലയുമൊത്തുള്ള അഭിനയിന്റെ ഒരു വീഡിയോ ആയിരുന്നു വൈറലായിരുന്നത്. തുടര്‍ന്ന് തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള പലരും അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ടുവന്നു. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന നടന്‍ ധനുഷ് അഭിനയിന്റെ ചികിത്സയ്ക്കായി 5 ലക്ഷം രൂപ സഹായം നല്‍കിയിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.