കാലാപാനി... ധ്രുവം അങ്ങനെ മലയാളി എന്നും നെഞ്ചിലേറ്റിയ പ്രിയചിത്രങ്ങളുടെ പൂര്‍ണതയ്ക്ക് ഒരാള്‍ ഒഴിച്ചുകൂടാനാവാത്തതായിരുന്നു. അങ്ങനെ മലയാളത്തിലും അന്യഭാഷകളിലുമായി ഒനവധി ചിത്രങ്ങളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ദില്ലി ഗണേഷ് വിടവാങ്ങിയിരിക്കുകയാണ്.
80 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ദില്ലി ഗണേഷ് നേടിയിട്ടുണ്ട്.
1944ല്‍ നെല്ലായിയില്‍ ജനിച്ച ദില്ലി ഗണേഷ് കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത പട്ടിനപ്രവേശത്തിലൂടെയാണ് ദില്ലി മഗണേഷ് സിനിമാരംഗത്തേക്ക് കാലെടുത്തുവെച്ചത്. തുടര്‍ന്ന് 400-ഓളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു. സിന്ധു ഭൈരവി, നായകന്‍, അപൂര്‍വ സഹോദരര്‍കള്‍, മാക്കേല്‍ മദന കാമ രാജന്‍, ആഹാ, തെനാലി എന്നിവ ശ്രദ്ധേയമായചിത്രങ്ങളാണ്. ഇന്ത്യന്‍ 2വിലാണ് ഒടുവില്‍ വേഷമിട്ടത്.
ഭാരത് നാടക സഭ എന്ന ഡല്‍ഹി നാടക സംഘത്തിലെ അംഗമായിരുന്നു ദില്ലി ഗണേഷ്. സിനിമകളില്‍ അഭിനയിക്കുന്നതിന് മുമ്പ് 1964 മുതല്‍ 1974 വരെ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979 ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക പുരസ്‌കാരം ലഭിച്ചു.
ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീര്‍ത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെന്‍ഡര്‍, മനോഹരം എന്നിവയാണ് ദില്ലി ഗണേഷിന്റെ മലയാളചിത്രങ്ങള്‍. തെലുങ്കില്‍ ജൈത്ര യാത്ര, പുണ്ണമി നാഗു, നായുഡമ്മ എന്നീ ചിത്രങ്ങളിലും ഹിന്ദിയില്‍ ദസ്, അജബ് പ്രേം കി ഗസബ് കഹാനി, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
മഴലൈ പട്ടാളം എന്ന ചിത്രത്തില്‍ കന്നഡ നടന്‍ വിഷ്ണു വര്‍ധന് ശബ്ദം നല്‍കിയത് ഡല്‍ഹി ഗണേഷാണ്. ചിരഞ്ജീവി, പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, നെടുമുടി വേണു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദമായത് ദില്ലി ഗണേഷായിരുന്നു.