അച്ഛനും മകളും പൊളിച്ചൂട്ടാ... ദിലീപിന് ഇന്ന് 58-ാം പിറന്നാള്‍

'ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ' എന്ന ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പോടെയാണ് മീനാക്ഷി സ്‌റ്റൈലിഷ് ലുക്കിലുള്ള ഈ ചിത്രം പങ്കുവച്ചത്. അച്ഛനും മകളും ഒരുമിച്ചുള്ള ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു,

author-image
Biju
New Update
dileep

നടന്‍ ദിലീപിന്റെ 58-ാം ജന്മദിനമാണ് ഇന്ന്. ഈ പ്രത്യേക ദിനത്തില്‍ അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മീനാക്ഷി പങ്കുവച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

'ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ' എന്ന ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പോടെയാണ് മീനാക്ഷി സ്‌റ്റൈലിഷ് ലുക്കിലുള്ള ഈ ചിത്രം പങ്കുവച്ചത്. അച്ഛനും മകളും ഒരുമിച്ചുള്ള ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു, 'ഇത് കലക്കി' എന്നാണ് ഭൂരിപക്ഷം പേരുടെയും കമന്റ്.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ ആസ്റ്ററില്‍ ജോലി ചെയ്യുകയാണ്.

മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവരികയായിരുന്നു ദിലീപ് എന്ന ഗോപാലകൃഷണന്‍. നടനാവുക എന്ന സ്വപ്നം ഉള്ളില്‍ പേറി സിനിമാ ലോകത്തെത്തിയ ദിലീപിനെ കാത്തിരുന്നത് ആദ്യം സഹസംവിധായകന്റെ വേഷമായിരുന്നു.

എന്നാല്‍, കലാഭവന്റെ മിമിക്രി വേദികളില്‍ നിന്നെത്തിയ ദിലീപ് കണ്ണടച്ചു തുറക്കും മുമ്പായിരുന്നു മലയാളത്തിന്റെ സൂപ്പര്‍താരം ദിലീപായി വളര്‍ന്നത്. സഹസംവിധായകനില്‍ നിന്ന്, സഹനടന്‍, നായകന്‍, നിര്‍മ്മാതാവ്, പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേക്കും ദിലീപ് പറന്നു. കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ്, 1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത 'എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത 'സല്ലാപം' ആണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്. 'സല്ലാപ'ത്തില്‍ നായികയായി വന്ന മഞ്ജുവാര്യര്‍ പിന്നീട് ദിലീപിന്റെ ജീവിതത്തിലെയും നായികയായി മാറി.

തുടരെത്തുടരെ സൂപ്പര്‍ഹിറ്റുകളുമായി വെള്ളിത്തിരയില്‍ കുതിച്ചുയര്‍ന്ന ദിലീപിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കോമഡിയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടന്‍ എന്ന സ്ഥാനവും അവിടെ നിന്നും സൂപ്പര്‍താര സിംഹാസനവും അദ്ദേഹം കൈയ്യടക്കി. 

ദിലീപ് നിര്‍മ്മിച്ച 'ട്വന്റി20' എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം താരസംഘടനയായ അമ്മയ്ക്ക് വലിയ മുതല്‍ക്കൂട്ടായി. ഏഴു കോടി മുതല്‍ മുടക്കി 33 കോടിയോളം ബോക്സ് ഓഫീസ് കളക്ഷന്‍ വാരിയ ഈ ചിത്രം 'അമ്മ'യുടെ ഖജനാവ് നിറയ്ക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. കൂടാതെ സിഐഡി മൂസ, കഥാവശേഷന്‍, പാണ്ടിപ്പട, മലര്‍വാടി ആര്‍ട്സ് ക്ലബ്, ദി മെട്രോ, ലവ് 24*7, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം നിര്‍മ്മാതാവായി.

ഇതിനിടയില്‍ കുടുംബ ജീവിതത്തില്‍ തിരിച്ചടികളുമുണ്ടായി. 2014ല്‍ മഞ്ജുവാര്യരുമായുള്ള വിവാഹ മോചനം, ശേഷം കാവ്യാ മാധവനുമായുള്ള വിവാഹം എന്നിവ ദിലീപിനെ വിവാദ നായകനാക്കി. തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറി.

dileep meenakshi dileep