/kalakaumudi/media/media_files/2025/09/15/basil-2025-09-15-14-32-13.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 'കുഞ്ഞിരാമായണം' സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. വളരെ പെട്ടന്നായിരുന്നു നായക നടനിലേക്കുള്ള ബേസിലിന്റെ ഉയര്‍ച്ച.
സമീപ വര്‍ഷങ്ങളിലായി തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ താരം ഇപ്പോഴിതാ, സിനിമ നിര്‍മ്മാണ മേഖലയിലേക്കും പ്രവേശിക്കുകയാണ്. സിനിമ നിര്‍മ്മാണ കമ്പനി ആരംഭിച്ചതായി ബേസില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 'ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്' എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്.
രസകരമായ അനിമേഷന്‍ വീഡിയോയ്‌ക്കൊപ്പമായിരുന്നു ബേസിലിന്റെ പ്രഖ്യാപനം. 'ഒരു പുതിയ തുടക്കം. ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു - സിനിമ നിര്‍മാണം. ഇപ്പോഴും അത് 'എങ്ങനെ' എന്ന് കണ്ടെത്തുകയാണ് ഞാന്‍. കൂടുതല്‍ ധൈര്യത്തോടെയും പുതുമകളോടെയും കഥകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റിലേക്ക് സ്വാഗതം,' ബേസില്‍ കുറിച്ചു.
പ്രാവിന്‍കൂട് ഷാപ്പ്, പൊന്മാന്‍, മരണമാസ് എന്നിവയാണ് ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ബേസില്‍ ചിത്രങ്ങള്‍. പൊന്മാനിലെ ബേസിലിന്റെ തകര്‍പ്പന്‍ പ്രകടനം വലിയ രീതിയില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാസക്തി' എന്ന ചിത്രത്തിലും ബേസില്‍ അഭിനയിക്കുന്നതായാണ് റിപ്പോര്‍ട്ട്. തമിഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍.