ജഗദീഷ് പിന്മാറി, അമ്മ പ്രസിഡന്റ് സ്ഥാനത്ത് ശ്വേത-ദേവന്‍ മത്സരം

ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. പ്രസിഡന്റ്സ്ഥാനത്തേക്ക് പത്രികനല്‍കിയ ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ നേരത്തേ പിന്മാറിയിരുന്നു

author-image
Biju
New Update
ja

കൊച്ചി: അമ്മ സംഘടനാ തിരഞ്ഞെടുപ്പില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറി. ഇന്നലെയാണ് പത്രിക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. 'വനിത 'പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയത്. ജഗദീഷ് പത്രിക പിന്‍വലിച്ചതോടെ 'അമ്മ' അധ്യക്ഷപദവിയിലെത്താന്‍ മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ജഗദീഷ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.

ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. പ്രസിഡന്റ്സ്ഥാനത്തേക്ക് പത്രികനല്‍കിയ ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ നേരത്തേ പിന്മാറിയിരുന്നു. നടന്‍ അനൂപ് ചന്ദ്രന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിട്ടുണ്ട്.

ഏത് സാഹചര്യത്തിലും മത്സരിക്കുമെന്ന നിലപാടിലാണ് നടന്‍ ദേവന്‍. തിരഞ്ഞെടുപ്പ് പ്രകിയ പുരോഗമിക്കുന്നതിനിടയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ദേവന്റെ നടപടിക്കെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. ആരോപണ വിധേയര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടന ഇപ്പോഴും രണ്ട് തട്ടിലാണ്. അന്‍സിബ , സരയു, ഉഷ ഹസീന എന്നിവര്‍ ആരോപണ വിധേയരെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ മല്ലിക സുകുമാരന്‍, ആസിഫ് അലി, മാലാ പാര്‍വ്വതി എന്നിവര്‍ വിമര്‍ശിച്ചുള്ള പ്രതികരണങ്ങളാണ് നടത്തിയത്. ഓഗസ്റ്റ് 15 നാണ് തിരഞ്ഞെടുപ്പ്.

Swetha Menon Jagadeesh