/kalakaumudi/media/media_files/2025/09/29/mamm-2025-09-29-13-08-05.jpg)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചികിത്സാര്‍ത്ഥം സിനിമയില്‍ നിന്ന് അവധിയെടുത്ത് ഏഴുമാസത്തോളമായി ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു മമ്മൂട്ടി വൈകാതെ സിനിമയില്‍ സജീവമാകുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, മമ്മൂട്ടി വീണ്ടും ചിത്രീകരണത്തില്‍ സജീവമാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ആന്റോ ജോസഫ്. ഒക്ടോബര്‍ ഒന്നു മുതല്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ഭാഗമാകുമെന്ന് ആന്റോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ചിത്രത്തിന്റെ ഹൈദരബാദ് ഷെഡ്യൂളില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് ആന്റോ ജോസഫ് അറിയിച്ചത്. പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുകന്നതായും ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും,' ആന്റോ ജോസഫ് കുറിച്ചു.
അതേസമയം, മമ്മൂട്ടിയും മോഹന്‍ലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും മഹേഷ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, ഗ്രേസ് ആന്റണി, രണ്‍ജി പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാനുള്ള പുതിയ തലമുറയുടെ ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ പൂര്‍ത്തിയാവുക. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുഴുനീള വേഷത്തില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നത്.